Editorial

നീതിന്യായരംഗത്തെ പ്രതിസന്ധി

നീതിന്യായരംഗത്തെ പ്രമുഖരുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ കോടതികളിലെ അവസ്ഥയോര്‍ത്ത് കണ്ണീരടക്കാന്‍ കഴിയാതെ സംസാരിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ രാജ്യത്തിന്റെ മനസ്സാക്ഷിയോടാണു സംവദിക്കുന്നത്. കോടതികളില്‍നിന്നു സമൂഹത്തിനു നീതി ലഭ്യമാവുന്നില്ല എന്നത് സാധാരണ ജനങ്ങളുടെ അനുഭവമാണ്. കേസുകളില്‍ കുടുങ്ങി ജാമ്യംപോലും ലഭിക്കാതെ വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി ജയിലറകളില്‍ കഴിഞ്ഞുകൂടുന്നവരാണ് തടവുകാരില്‍ മഹാഭൂരിപക്ഷവും.
ഈ അവസ്ഥയ്ക്കു കാരണമായത് നീതിന്യായരംഗത്ത് അനിവാര്യമായ ഭരണനടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ അലംഭാവവും തെറ്റായ സമീപനങ്ങളുമാണ്. ഉന്നത നീതിപീഠങ്ങളില്‍ കേസുകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കാന്‍ കാരണം ന്യായാധിപന്മാരുടെ പദവികള്‍ പലതും നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നതാണ്. സുപ്രിംകോടതിയില്‍ 31 ജഡ്ജിമാരില്‍ ആറുപേരുടെ കുറവുണ്ട്. രാജ്യത്തെ 24 ഹൈക്കോടതികളില്‍ 458 തസ്തികകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. കീഴ്‌ക്കോടതികളില്‍ 20,214 ജഡ്ജിമാര്‍ വേണ്ടിടത്ത് 4,580 തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ജഡ്ജിമാരുടെ ജോലിഭാരം താങ്ങാനാവാത്തവിധം വര്‍ധിക്കുകയാണ്.
ഇതിന്റെ സ്വാഭാവികമായ ഫലം നീതി വൈകുന്നു എന്നു മാത്രമല്ല, പലപ്പോഴും നീതി പൂര്‍ണമായും നിഷേധിക്കപ്പെടുകയാണ് എന്നുമാണ്. പല കേസുകളും കൈകാര്യം ചെയ്യാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് ന്യായാധിപന്മാര്‍ക്കു ലഭിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനസമയത്തില്‍ വലിയ പങ്ക് കേസുകള്‍ തീര്‍പ്പുകല്‍പിക്കാനല്ല, മറിച്ച് മറ്റു ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കാനാണു ചെലവാകുന്നത്. ഇന്ത്യയിലെ കീഴ്‌ക്കോടതി നടപടികള്‍ വളരെ പഴഞ്ചനാണെന്ന് പല നിയമജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൗരന്‍മാരുടെ നീതിക്കുവേണ്ടിയുള്ള മുറവിളി അവഗണിക്കപ്പെടുന്നു എന്നത് ഒരു വശത്ത്. മറുവശത്ത്, നീതിന്യായരംഗത്ത് നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ രാജ്യവികസനത്തിനു തന്നെ വിഘാതമാവുന്നു. കേസുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആരാണ് ഈ രാജ്യത്ത് നിക്ഷേപത്തിനു തയ്യാറാവുക? വന്‍ തുക മുടക്കുന്ന പദ്ധതികളില്‍ സ്വാഭാവികമായും പലതരത്തിലുള്ള തര്‍ക്കങ്ങളുമുണ്ടാവും. അതില്‍ തീര്‍പ്പുകല്‍പിക്കാന്‍ വൈകിയാല്‍ കോടാനുകോടി രൂപയുടെ നഷ്ടവും ഉണ്ടാവും. അത്തരം സ്ഥിതിഗതികള്‍ തുടര്‍ന്നാല്‍ ആര്‍ക്കും ആത്മവിശ്വാസത്തോടെ രാജ്യത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധൈര്യമുണ്ടാവുകയില്ല.
ഇത്തരം അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് ജുഡീഷ്യറിയും ഭരണകൂടവും ഒന്നിച്ചുനിന്നാണ്. പക്ഷേ, ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്‌സ് ആക്റ്റുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും തര്‍ക്കത്തിലാണ്. നിലവിലുള്ള കൊളീജിയം സമ്പ്രദായം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇതിന് അടിയന്തരമായ പരിഹാരം കാണാന്‍ എല്ലാവിഭാഗവും ഒന്നിച്ചുനിന്ന് പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
Next Story

RELATED STORIES

Share it