നീതിനിഷേധത്തിനെതിരേ പൊരുതാന്‍ വൈദികന്‍ അഭിഭാഷക കുപ്പായത്തില്‍

കൊച്ചി: നീതി നിഷേധിക്കപ്പെടുന്ന അനേകര്‍ക്ക് നിയമപിന്തുണ നല്‍കാന്‍ വൈദികന്‍ ഇനി അഭിഭാഷക കുപ്പായത്തില്‍. ഇടുക്കി കത്തിപ്പാറത്തടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായ ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാനാണ് ഇന്നലെ കൊച്ചിയില്‍ നടന്ന അഭിഭാഷക എന്റോള്‍മെന്റ് ചടങ്ങില്‍ വക്കീല്‍ കുപ്പായമണിഞ്ഞത്.
ദലിതരും തോട്ടം മേഖലയില്‍ തൊഴിലെടുക്കുന്നവരുമായി നിരാലംബരായ നിരവധി പേര്‍ നീതി ലഭിക്കാതെ ജീവിതം തള്ളിനീക്കുന്നവരായിട്ടുണ്ട്. ഇത്തരം സമൂഹങ്ങള്‍ക്ക് ആശ്വാസമാവുകയാണ് വക്കീല്‍ കുപ്പായം അണിയുന്നതിലൂടെ ലക്ഷ്യമിടുന്നെതന്ന് ഫാ. ഗീവര്‍ഗീസ് പറഞ്ഞു. മണ്ണത്തൂര്‍ ഗവ. സ്‌കൂള്‍, മണിമലക്കുന്ന് ഗവ. കോളജ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കുശേഷം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍നിന്നും ചരിത്രത്തില്‍ ബിരുദം നേടി. 2003ല്‍ പൂനെയിലെ സിബിയോസിസ് നിയമ സ്‌കൂളില്‍നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി. അതേവര്‍ഷംതന്നെ എന്റോള്‍മെന്റിനായി കേരള ബാര്‍ കൗണ്‍സിലില്‍ അപേക്ഷിച്ചു. എന്നാല്‍, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവരെന്ന വ്യവസ്ഥപ്രകാരം ഫാ. ഗീവര്‍ഗീസിന്റെയും രണ്ട് കന്യാസ്ത്രീകളുടെയും അപേക്ഷ അംഗീകരിച്ചില്ല.
ഇതിനിടെ, കന്യാസ്ത്രീകളിലൊരാള്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച് എന്റോള്‍ ചെയ്‌തെങ്കിലും ഫാ. ഗീവര്‍ഗീസ് കോട്ടയം പഴയ സെമിനാരിയില്‍ വൈദികപഠനത്തിന് സമയം കണ്ടത്തെി. 2008ല്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് കൊല്‍ക്കത്തയിലെ സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ബിഡി ബിരുദം കരസ്ഥമാക്കി. 2010 ഡിസംബര്‍ പത്തിന് വൈദികനായി. നാല് ദിവസം കഴിഞ്ഞപ്പോള്‍ റമ്പാനുമായി.
ഇടവകയും പൊതുസമൂഹവുമായി ഇടപഴകിയപ്പോഴാണ് നീതിനിഷേധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായത്. കണ്ടനാട് ഈസ്റ്റ് ഭദ്രാസനനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനിയോസ് മെത്രാപ്പൊലീത്തയുടെ നിര്‍ബന്ധവും കൂടിയായപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കുശേഷം എന്റോള്‍മെന്റിനായി ശ്രമിക്കുകയായിരുന്നു. പാമ്പാക്കുട, മണ്ണത്തൂര്‍ കൊച്ചുപറമ്പില്‍ കെ എം ഏലിയാസിന്റെയും പരേതയായ ഓമന ഏലിയാസിന്റെയും മകനാണ്.
Next Story

RELATED STORIES

Share it