Kollam Local

നീണ്ടകര ബിവറേജസ് ഔട്ട്‌ലെറ്റ് : സിപിഐ- സിപിഎം ഭിന്നത രൂക്ഷം



ചവറ:നീണ്ടകരയില്‍തുടങ്ങാന്‍ പോകുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് വിഷയത്തില്‍ നീണ്ടകര പഞ്ചായത്തില്‍ സിപിഐ -സിപിഎമ്മും കൊമ്പ് കോര്‍ക്കുന്നു. ചവറ തട്ടാശേരിയില്‍ ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് പ്രദേശത്തെ സിപിഎം അനുഭാവിയായ ഒരു സ്വകാര്യ വൃക്തിയുടെ വീട്ടില്‍ മദ്യശാലയായി പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജന സാന്ദ്രതയേറിയ പ്രദേശത്ത്  മദ്യശാല വരുന്നതെന്നാരോപിച്ച് ആര്‍എസ്പി, കോണ്‍ഗ്രസ്, ബിജെപി എന്നിവയുടെ നേതൃത്വത്തില്‍ ജനകീയ സമര സമതി രൂപീകരിച്ച് പ്രക്ഷോഭം നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം നീണ്ടകര പഞ്ചായത്ത് ഭരണ സമതിയില്‍ മദ്യശാലയ്ക്ക് അനുമതി നല്‍കി കൊണ്ട് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഈ പ്രമേയാവതരണത്തില്‍ നിന്ന് സിപിഐ അംഗങ്ങള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് നിന്നു കൊണ്ട് വിയോജനക്കുറിപ്പ് അറിയിച്ചു. ഇവിടെ മദ്യശാല വരുന്നതിനോട് സിപിഐയിലെ നേതാക്കന്‍മാര്‍ അതൃപ്തരാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തോട്ടിന് വടക്ക് പ്രദേശത്ത് സിപിഐ നേതാവിന്റെ വീട്ടില്‍ മദ്യശാല തുടങ്ങാന്‍ ഒരുങ്ങിയപ്പോള്‍ സിപിഎം നാട്ടുകാരോടൊപ്പം നിന്ന് മദ്യശാല പൂട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നീണ്ടകര പ്രദേശത്ത് സിപിഎം നേതാക്കളുടെ മൗനാനുവാദത്തോടെയാണ് സര്‍ക്കാര്‍ മദ്യശാല വരുന്നതെന്നാരോപണമുണ്ട്. അന്ന് സിപിഐ നേതാവിന്റെ വീട് മദ്യശാലക്കായി കൊടുത്തപ്പോള്‍ എതിര്‍ത്ത സിപിഎം നേതാക്കള്‍ എന്ത് കൊണ്ടാണ് നീണ്ടകരയില്‍ മദ്യശാലയ്ക്ക് പിന്‍തുണ നല്‍കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വരും ദിവസങ്ങളില്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ സിപിഎം- സിപിഐ പോര് രൂക്ഷമാകാനാണ് സാധ്യത.
Next Story

RELATED STORIES

Share it