നീക്കം ചെയ്ത വിവരമറിയാതെ ജോലി ചെയ്തവര്‍ക്ക് ആനുകൂല്യം നല്‍കണം

തിരുവനന്തപുരം: ജോലിയില്‍ നിന്നു നീക്കം ചെയ്‌തെന്ന അറിയിപ്പു ലഭിക്കാതെ ജോലിയില്‍ തുടര്‍ന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രേരകുമാര്‍ക്ക് അര്‍ഹത പരിശോധിച്ച് ഓണറേറിയവും ആനുകൂല്യങ്ങളും നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. തൃക്കണ്ണാപുരം സ്വദേശിനി മേഴ്‌സി തായ്‌ലറ്റിന്റെ പരാതിയിലാണ് ഉത്തരവ്.
വര്‍ഷങ്ങളായി പ്രേരക്, അസിസ്റ്റന്റ് പ്രേരക് തസ്തികയില്‍ ജോലി ചെയ്ത തങ്ങളെ 60 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ ജോലിയില്‍ നിന്നു നീക്കം ചെയ്‌തെന്നാണു പരാതി. കമ്മീഷന്‍ സംസ്ഥാന സാക്ഷരതാ ഡയറക്ടറില്‍ നിന്ന് റിപോര്‍ട്ട് വാങ്ങി. പ്രേരക് തിരഞ്ഞെടുപ്പില്‍ നിരവധി അപാകതകള്‍ ഉള്ളതായി കണ്ടെത്തിയപ്പോള്‍ പ്രസ്തുത ജോലിക്ക് തിരഞ്ഞെടുപ്പ് മാനദണ്ഡവും പ്രവൃത്തിസമയവും നിശ്ചയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. പ്രേരകുമാരുടെ സേവന പ്രായപരിധി 60 വയസ്സാക്കി. 2017 മാര്‍ച്ച് 31ന് 60 വയസ്സ് കഴിഞ്ഞ എല്ലാവരെയും നീക്കം ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, തങ്ങളെ ജോലിയില്‍ നിന്നു നീക്കിയതു സംബന്ധിച്ച ഒരറിയിപ്പും ലഭിച്ചില്ലെന്നു പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
മാസങ്ങളായി തങ്ങള്‍ക്ക് പ്രതിഫലം ലഭിക്കാറില്ല. ഓണറേറിയം 12,000, 15,000 രൂപയായി വര്‍ധിച്ചപ്പോഴാണ് പിരിച്ചുവിട്ടതെന്നും പരാതിക്കാരി അറിയിച്ചു. എന്നാല്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പ്രേരകുമാരെ നീക്കം ചെയ്ത വിവരം അറിയിച്ചിട്ടുള്ളതായി സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍, പ്രസ്തുത വാദം തെളിയിക്കുന്നതിനുള്ള രേഖ സാക്ഷരതാ മിഷന്‍ ഹാജരാക്കിയില്ല. നീക്കം ചെയ്തതായ നോട്ടീസ് പരാതിക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ നീക്കം ചെയ്യുമ്പോള്‍ അക്കാര്യം അവരെ രേഖാമൂലം അറിയിക്കേണ്ടതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാര്‍ അവകാശപ്പെടുന്നതു ശരിയാണെങ്കില്‍ അക്കാര്യം പരിശോധിച്ച് ഓണറേറിയവും ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കണമെന്നാണ് ഉത്തരവ്.

Next Story

RELATED STORIES

Share it