ernakulam local

നി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ഇനിയും നീളും

മിറഫീക്ക് പരീത്

കോതമംഗലം: എംഎല്‍എയും നഗരസഭയും തമ്മില്‍ തര്‍ക്കം മുറുകിയതോടെ പണി പൂര്‍ത്തിയായ മിനി സിവില്‍ സ്റ്റേഷനില്‍് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകുന്നു. അങ്ങാടി ബസ്സ്റ്റാന്റിനോട് ചേര്‍ന്ന്  രണ്ടു വര്‍ഷം മുമ്പ് പണി പൂര്‍ത്തികരിച്ച് ഉദ്ഘാടനവും നടത്തിയ കെട്ടിടമാണ് ഇപ്പോഴും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതെ കാടു കയറി കിടക്കുന്നത്. നഗരസഭ വിട്ടു നല്‍കിയ സ്ഥലത്ത് മുന്‍ എംഎല്‍എ ടി യു കുരുവിള മുന്‍കൈയെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായിരുന്നു കെട്ടിടം. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ എല്ലാം ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചായിരുന്നു കെട്ടിട നിര്‍മ്മാണം. ടൗണിന്റെ വികസനം കിഴക്കന്‍ മേഖലയിലേക്കും  വ്യാപിപ്പിക്കാന്‍ വേണ്ടി കൂടിയാണ് നഗരസഭയുമായി ചേര്‍ന്ന് മിനി സിവില്‍ സ്റ്റേഷന് രൂപം കൊടുത്തത്. ഏതാണ്ട് പത്തുകോടി രൂപാ ചിലവില്‍ ഏഴു നിലകളിലാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ  നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പേ  ഉദ്ഘാടനം നടത്താന്‍ തിയതി തീരുമാനിച്ചെങ്കിലും  നടത്താനായില്ല. നഗരസഭ വിട്ടു നല്‍കിയ സ്ഥലത്തിന് പകരമായി പിഡബ്ല്യുഡി, സബ്ബ് രജിസ്ട്രാര്‍ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം നല്‍കാമെന്ന് അന്നത്തെ എംഎല്‍എ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ തീരുമാനം ഉള്ളതായി യാതൊരു രേഖയും ഇല്ലെന്നും പകരം സ്ഥലം നല്‍കാന്‍ കഴിയില്ലെന്നുമാണ് ഇപ്പോഴത്തെ സ്ഥിതി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തര്‍ക്കവിഷയം ചര്‍ച്ച ചെയ്ത് നഗരസഭയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാന്‍ തത്വത്തില്‍ ധാരണയായി പിരിഞ്ഞെങ്കിലും പിന്നീട് ഈ തീരുമാനത്തില്‍ നിന്നും നഗരസഭ പിന്മാറുകയായിരുന്നു.സര്‍ക്കാര്‍ ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഒഴിവ് വരുന്ന ട്രഷറി, പൊതുമരാമത്ത് വകുപ്പ്, സബ് രജിസ്‌ട്രേഷന്‍ ഓഫിസ് എന്നീ കെട്ടിടങ്ങളിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക് വിട്ട് നല്‍കണമെന്ന ആവശ്യം  ഉന്നയിച്ചതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. തര്‍ക്കങ്ങള്‍ക്ക്  പരിഹാരമായാലും മിനി സിവില്‍ സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും കടമ്പകളേറെയാണ്. മിനി സിവില്‍ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. സമീപത്തുള്ള സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കാമെന്ന് മുമ്പ് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് തുടര്‍നടപടികളുണ്ടായിട്ടില്ല. അങ്ങാടി ബസ് സ്റ്റാന്റിന്റെ സ്ഥലം ഇനിയും വിട്ടുകൊടുക്കാന്‍ നഗരസഭ തയാറല്ല. . എംഎല്‍എ സ്ഥലമുടമയുമായി ധാരണയിലെത്തിയതായും ഉടനെ മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും കെട്ടിടത്തിലേക്കുള്ള  പ്രധാന പ്രവേശന മാര്‍ഗം ഇപ്പോഴും തുറന്നിട്ടില്ല. ടൗണിന് ചുറ്റും വലം വയ്ക്കുന്ന  രീതിയില്‍ രൂപം നല്‍കിയ റിംഗ് റോഡ് പദ്ധതി പൂര്‍ത്തിയാവാത്തതാണ് അതിന് തടസമായിട്ടുള്ളത്. റിംഗ് റോഡില്‍ നിന്നും പ്രവേശിക്കും വിധത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.റിംഗ് റോഡിന് സ്ഥലം വിട്ടു നല്‍കുന്നതിന് താല്‍പ്പര്യമില്ലാത്ത ചിലര്‍ കോടതിയില്‍ പോയിട്ടുള്ളതാണ് പ്രശ്‌നം. എല്ലാ വിഷയങ്ങളും പരിഹരിച്ച് സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും എന്ന് എന്ന ചോദ്യം ബാക്കിയാവുകയാണ്.
Next Story

RELATED STORIES

Share it