Districts

നിസാര്‍ വധശ്രമം ; പ്രതികള്‍ കണ്ണൂര്‍ പാര്‍ട്ടി കേന്ദ്രത്തില്‍ ചികില്‍സയില്‍

പി സി അബ്ദുല്ല

വടകര: എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആര്‍ എം നിസാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാനുള്ള നാലു പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം ഒളിസങ്കേതത്തിലെന്നു സൂചന. മുഖത്തും തലയ്ക്കും പരിക്കേറ്റ പ്രതികള്‍ കൂത്തുപറമ്പ് മേഖലയില്‍ സിപിഎം സംരക്ഷണയില്‍ ചികില്‍സയില്‍ കഴിയുകയാണെന്നു പോലിസിനു വിവരം ലഭിച്ചു. അതേസമയം, പാര്‍ട്ടിഗ്രാമം വളഞ്ഞു നിസാര്‍ വധശ്രമക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു.ഇവര്‍ ഒളിവില്‍ കഴിയുന്ന കേന്ദ്രങ്ങളെക്കുറിച്ചു പോലിസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പോലിസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒളിസങ്കേതങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് പോലിസ്. ടി പി വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത രീതിയില്‍ നിസാര്‍ വധശ്രമക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള കുറ്റിയാടി പോലിസിന്റെ നീക്കത്തിന് ഉന്നത തലങ്ങളില്‍ നിന്ന് അനുമതി ലഭിക്കാത്തതും പ്രധാന തടസ്സമാണ്. ടി പി കേസുപോലെ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന കേസല്ലെന്നാണ് ഉത്തര മേഖലയിലെ പോലിസിന്റെ നിലപാട്. സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തും മതിയായ മുന്‍കരുതലോടെയും നിസാര്‍ വധശ്രമക്കേസിലെ പ്രതികളെ കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങള്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കണമെന്ന നിര്‍ദേശം പ്രത്യേക അന്വേഷണസംഘം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, ഉത്തര മേഖലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഈ നിര്‍ദേശം അവഗണിക്കുകയാണ് ചെയ്തത്. അതിനിടെ പിടികിട്ടാനുള്ള നാലു പ്രതികള്‍ക്കു കോടതിയില്‍ കീഴടങ്ങാനുള്ള അവസരമൊരുക്കണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്രങ്ങള്‍ പോലിസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ജില്ലയിലെ ഉന്നത സിപിഎം നേതാവ് നേരിട്ട് ഈ ആവശ്യം ഉന്നയിച്ച് നാദാപുരം ഡിവൈഎസ്പി അടക്കമുള്ളവരെ ബന്ധപ്പെട്ടതായാണു വിവരം. എന്നാല്‍ പ്രതികള്‍ക്കു കീഴടങ്ങാന്‍ അവസരം ഒരുക്കുന്നതിനോട് പ്രത്യേക അന്വേഷണസംഘത്തിന് യോജിപ്പില്ല. കീഴടങ്ങുന്ന പ്രതികളെ ഉപയോഗിച്ച് മതിയായ തരത്തില്‍ തെളിവെടുപ്പും തുടരന്വേഷണവും സാധ്യമാവില്ലെന്നാണ് പോലിസിന്റെ നിലപാട്. നിസാര്‍ വധശ്രമത്തിലെ ഗൂഢാലോചനയെക്കുറിച്ചും മറ്റും പ്രതികളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it