നിസാര്‍ പറയുന്നു: ഞാന്‍ മോചിതന്‍, പക്ഷേ ജീവനുള്ള വെറും ശവം

ജയ്പൂര്‍: 23 വര്‍ഷം നീണ്ട തടവില്‍ നിന്ന് നിസാറുദ്ദീന്‍ അഹ്മദ് മോചിതനായി. ഉറങ്ങാനാവുന്നില്ല, നടക്കാനും കഴിയില്ല. 17 ദിവസം മുമ്പ് പുറത്തുവരുമ്പോള്‍ തടവില്‍ കഴിഞ്ഞ കാലം തനിക്കു നല്‍കിയതിതാണെന്ന് നിസാര്‍. സഹോദരന്‍ സഹീറുദ്ദീന്‍ അഹ്മദ് പുറത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു. എന്റെ കാലിന് കനംവച്ചതു പോലെ. ഞാന്‍ മരവിച്ചു നിന്നു. ഒരു നിമിഷം, ഞാന്‍ സ്വതന്ത്രനാണെന്നു തന്നെ മറന്നുപോയി- നിസാര്‍ പറയുന്നു.
എല്ലാ കുറ്റങ്ങളില്‍ നിന്നും സുപ്രിംകോടതി മുക്തരാക്കിയതിനെത്തുടര്‍ന്നാണ് നിസാറുള്‍പ്പെടെ മൂന്നു പ്രതികള്‍ മോചിതരായത്. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കാനും ഉടന്‍ മോചിപ്പിക്കാനും മെയ് 11ന് സുപ്രിംകോടതി ഉത്തരവിട്ടു. ബാബരി മസ്ജിദ് തകര്‍ത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തീവണ്ടികളില്‍ നടന്ന അഞ്ചു സ്‌ഫോടനങ്ങളില്‍ പ്രതിയാക്കിയാണ് നിസാറിനെ ജയിലിലടച്ചത്. സ്‌ഫോടനങ്ങളില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.
എന്റെ ജീവിതത്തിലെ നല്ല കാലത്തെ 8150 ദിനങ്ങള്‍ ഞാന്‍ തടവറയ്ക്കകത്തായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം കഴിഞ്ഞു. നിങ്ങള്‍ ഈ കാണുന്നത് വെറും ശവം മാത്രമാണ്. അവര്‍ എന്നെ തടവിലടച്ചപ്പോള്‍ ഇരുപത് വയസ്സ് തികഞ്ഞിരുന്നില്ല. ഇന്നെനിക്ക് 43 വയസ്സായി. ഇളയ സഹോദരിയെ അവസാനമായി കാണുമ്പോള്‍ 12 വയസ്സായിരുന്നു. അവളുടെ മകള്‍ക്ക് ഇപ്പോള്‍ 12 വയസ്. എന്റെ ഭാഗിനേയിക്ക് ഒരു വയസ്സായിരുന്നു പ്രായം. അവളിന്നു വിവാഹിതയാണ്. എന്നെക്കാള്‍ രണ്ട് വയസ്സ് ഇളയ സഹോദരി ഇന്ന് വല്യുമ്മയാണ്. എന്റെ ജീവിതത്തില്‍ നിന്ന് ഒരു തലമുറ ഒന്നാകെ നീങ്ങിപ്പോയിരിക്കുന്നു. തടവില്‍ നിന്നു മോചിതനായി ആദ്യരാത്രി പിന്നിട്ടത് ജയ്പൂരില്‍ ഒരു ഹോട്ടലിലായിരുന്നു. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മുറിയില്‍ കിടക്കയുണ്ടായിരുന്നു. ഇക്കണ്ട കാലമത്രയും ഒരു കട്ടികുറഞ്ഞ പുതപ്പില്‍ തറയിലായിരുന്നു ഉറക്കം.
കര്‍ണാടക ഗുല്‍ബര്‍ഗയിലെ വീടിന് സമീപത്തു നിന്ന് പോലിസ് തന്നെ കസ്റ്റഡിയിലെടുത്തത് 1994 ജനവരി 15നായിരുന്നുവെന്ന് നിസാര്‍ ഓര്‍മിക്കുന്നു. ഫാര്‍മസി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഹൈദരാബാദിലേക്കാണ് കൊണ്ടുപോയത്. 1994 ഫെബ്രുവരി 28ന് കോടതിയില്‍ ഹാജരാക്കിയതായി രേഖകളുണ്ട്. അങ്ങനെയാണ് കുടുംബത്തിന് നിസാറിനെക്കുറിച്ച വിവരം ലഭിച്ചത്. നിസാറിന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണുള്ളത്. മുംബൈയില്‍ സിവില്‍ എന്‍ജിനീയറായ ജ്യേഷ്ഠന്‍ സഹീറുദ്ദീന്‍ അതേ വര്‍ഷം ഏപ്രിലില്‍ പിടിയിലായി. മക്കളുടെ നിരപരാധിത്വം തെളിയിക്കാനായി ഏകനായി പൊരുതിയ പിതാവ് നൂറുദ്ദീന്‍ അഹ്മദിന് എല്ലാം നഷ്ടമായി. 2006ല്‍ ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇപ്പോള്‍ ഒന്നും ബാക്കിയില്ല.
ഞങ്ങളെ മനപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നു. ഏതാണ്ട് 12 വര്‍ഷം വേണ്ടിവന്നു എല്ലാ കുറ്റങ്ങളില്‍ നിന്നും സുപ്രിംകോടതി വിമുക്തരാക്കുന്നതിന്- നിസാര്‍ പറയുന്നു. എന്റെ സ്വാതന്ത്ര്യം തിരിച്ചുനല്‍കിയ സുപ്രിംകോടതിയോടു നന്ദിയുണ്ട്. എന്നാല്‍, ആര് എനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുതരും? കേസിന്റെ തുടക്കവും ഒടുക്കവും പോലിസ് കസ്റ്റഡിയിലെ കുറ്റസമ്മതം മാത്രമാണെന്ന് നിസാറും സഹീറുമടക്കം അഞ്ചു പേര്‍ക്കും വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഡ്വക്കറ്റ് നിത്യ രാമകൃഷ്ണന്‍ എടുത്തുപറയുന്നു.
Next Story

RELATED STORIES

Share it