kozhikode local

നിഷ്‌ക്കളങ്ക സ്‌നേഹം പകര്‍ന്ന കുരുന്നുകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആദരം

കോട്ടയം: ജാതിമത, വര്‍ഗചിന്തകള്‍ക്കതീതമായി നിഷ്‌ക്കളങ്ക സ്‌നേഹം പകര്‍ന്നുനല്‍കിയ കുരുന്നുകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആദരം. കോഴിക്കോട് പറമ്പില്‍ കടവ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളായ അനുഗ്രഹിനും ഫാത്തിമ ബിസ്മിക്കുമാണ് പരിശുദ്ധ കാതോലിക്കാ ബാവയുടെ സ്‌നേഹസ്പര്‍ശം. സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായ അനുഗ്രഹിനും സഹായഹസ്തവുമായെത്തിയ ബിസ്മിക്കും 5 ലക്ഷം രൂപയാണ് സഭ നല്‍കുന്നത്.
ആദരവ് ഏറ്റുവാങ്ങാന്‍ കോട്ടയത്തെത്തിയ കുട്ടികളെ പരിശുദ്ധ കാതോലിക്കാ ബാവ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തി സ്വീകരിച്ചു. അനുഗ്രഹിനെയും ഫാത്തിമ ബിസ്മിയെയും സ്‌നേഹാശ്ലേഷം നല്‍കിയ ശേഷം അനുഗ്രഹിനെ പരിശുദ്ധ കാതോലിക്ക ബാവ തോളിലേറ്റിയത് നിഷ്‌കളങ്ക സ്‌നേഹത്തിന്നുള്ള അംഗീകാരമായിരുന്നു. ദേവലോകം അരമനയില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം ഏറ്റുവാങ്ങാനാണ് അനുഗ്രഹും ഫാത്തിമയും കോട്ടയത്തെത്തിയത്. കൊച്ചുകുട്ടികള്‍ കാണിച്ച അപൂര്‍വമായ സ്‌നേഹവും പരിഗണനയും സമൂഹത്തിന് മാതൃകയാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം പോരടിക്കുന്ന കാലഘട്ടത്തില്‍ സഹപാഠിയെ മുന്നോട്ടുനയിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയും രോഗത്തിന്റെ ദുരിതങ്ങളില്‍നിന്നും കൂട്ടുകാരിയുടെ സഹായത്തോടെ മുന്നേറുന്ന അനുഗ്രഹും സമൂഹത്തിന്ന് മാതൃകയാവുകയാണ്. സെറിബ്രല്‍ പാഴ്‌സി രോഗംമൂലം നടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ബുദ്ധിമുട്ടിയിരുന്ന അനുഗ്രഹിന് ഫാത്തിമ ബിസ്മി ആശ്വാസം പകരുകയായിരുന്നു. അനുഗ്രഹിനെ കൈപ്പിടിച്ചു നടത്താനും ഭക്ഷണം നല്‍കാനും കൊച്ചുസഹോദരി മുന്നോട്ടുവന്നു. അതിര്‍വരമ്പുകളില്ലാത്ത കുട്ടികളുടെ മാതൃകാപരമായ പ്രവര്‍ത്തനം ഓര്‍ത്തഡോക്‌സ് സഭയുടെ പ്രശംസ നേടുകയായിരുന്നു.
Next Story

RELATED STORIES

Share it