Second edit

നിഷേധ ചിന്തകള്‍

മനുഷ്യന്‍ തെറ്റുകളില്‍ നിന്നും ദുരനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നു. അതിനാല്‍, ജീവിതത്തിലെ ദൗര്‍ഭാഗ്യങ്ങളും ദുര്‍വിധികളും ദുരന്തങ്ങളും നിരന്തരം മനുഷ്യന്റെ ചിന്തയ്ക്കു വിധേയമാണ്. പക്ഷേ, അതുതന്നെയാണ് ഒരേയൊരു ചിന്ത എന്നുവന്നാല്‍ സംഗതി കുഴപ്പമാണ്. നിഷേധ ചിന്തകള്‍ അമിതമായാല്‍ മനുഷ്യന്‍ ജീവിതത്തോട് വൈമുഖ്യം കാണിക്കാന്‍ തുടങ്ങും. ജീവിതം തന്നെ വേണ്ടെന്നുവയ്ക്കുന്ന തരത്തില്‍ നിഷേധ ചിന്തകള്‍ ഒരുവനെ കീഴടക്കാന്‍ അധിക സമയമൊന്നും വേണ്ട.
അതിനാല്‍, നിഷേധ ചിന്തകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതു പ്രധാനമാണ്. മനഃശാസ്ത്രജ്ഞരില്‍ ഒരു വിഭാഗം അതില്‍ പ്രാവീണ്യം നേടിയവരാണ്. കോഗ്നിറ്റീവ് തെറാപ്പി എന്നാണ് അവരുടെ പഠനശാഖയുടെ പേര്. വിദഗ്ധര്‍ പറയുന്നത്, നിഷേധ ചിന്തകള്‍ മനസ്സിനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയാല്‍ അത് ഒരു വസ്തുതയായി അംഗീകരിച്ച് അതിനെ നേരിടാന്‍ ശീലിക്കണമെന്നാണ്. ഒരു സുഹൃത്ത് അത്തരം വിഷാദ ചിന്തകള്‍ക്ക് അടിമപ്പെട്ടാല്‍ എന്ത് ഉപദേശം അയാള്‍ക്ക് നല്‍കുമെന്ന് ആലോചിക്കുക. എങ്ങനെ അയാളെ വിഷമങ്ങളില്‍ സഹായിക്കാന്‍ കഴിയുമെന്നു ചിന്തിക്കുക. അത്തരം പ്രായോഗിക ചിന്തകള്‍ മനസ്സിനെ ശരിയായ ദിശയില്‍ നയിക്കും.
പക്ഷേ, ദോഷചിന്തകള്‍ അമിതമായാല്‍ അതു മാനസിക പ്രശ്‌നങ്ങളായി മാറിയേക്കാം. ഡിപ്രഷന്‍ പോലെയുള്ള അസുഖങ്ങളുടെ തലത്തിലേക്ക് എത്തിയെന്നും വരാം. അപ്പോള്‍ മനഃശാസ്ത്രജ്ഞരുടെ സഹായം വേണ്ടിവന്നേക്കാം. ഏതായാലും ദോഷചിന്തകള്‍ അമിതമായാല്‍ അതു ഗുണമാവില്ലെന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it