നിഷാമിനെ ജയിലില്‍ അടച്ചതിന്റെ പേരില്‍ താന്‍ മൂന്നുവര്‍ഷം പീഡനം അനുഭവിച്ചു: ജേക്കബ് ജോബ്

പത്തനംതിട്ട: തൃശൂര്‍ ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ടു താനും കുടുംബവും ചെയ്യാത്ത കുറ്റത്തിന് മൂന്നുവര്‍ഷം പീഡനം അനുഭവിച്ചതായി തൃശൂര്‍ മുന്‍ പോലിസ് കമ്മീഷണറും പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുമായ ജേക്കബ് ജോബ്. ഇക്കാര്യത്തില്‍ യാഥാര്‍ഥ്യങ്ങ ള്‍ മറച്ചുവച്ച് മാധ്യമങ്ങളും സാമ്പത്തിക പ്രലോഭനങ്ങളില്‍ വീണുപോയെന്നും ജേക്കബ് ജോബ് ആരോപിച്ചു.കേരള പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച “മാധ്യമങ്ങളും പോലിസും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ചന്ദ്രബോസ് വധക്കേസിലെ പ്രതിയും സാമ്പത്തിക കുറ്റവാളിയുമായ നിഷാമിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതു താനാണ്. നിഷാമുമായി തനിക്ക് അവിഹിതബന്ധമുണ്ടെന്നു പറഞ്ഞുപരത്തി. ഇതിന്റെ പേരില്‍ താനും കുടുംബവും അനുഭവിച്ച മനോവേദനയ്ക്ക് കണക്കില്ല. ജീവതത്തില്‍ ആദ്യമായി ഡിപാര്‍ട്ട്‌മെന്റ് തന്നെ കൈവിട്ടു. കുടുംബം ആത്മഹത്യയുടെ വക്കില്‍ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തന്നെ വഞ്ചിച്ച ഒരു മേലുദ്യോഗസ്ഥന്‍ ഒരു പ്രമുഖ നടിയോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെ ന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹം അന്ന് ഏത് സ്ഥലത്താണ് ഉണ്ടായിരുന്നതെന്നോ, ലീവിലാണോ ഡ്യൂട്ടിയിലാണോ എന്നുപോലും ആരും അന്വേഷിച്ചില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷനിലൂടെ ഇതെല്ലാം കണ്ടെത്താന്‍ കഴിയുമായിരുന്നു. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ തനിക്കു വെളിപ്പെടുത്താനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിയായ നിഷാമിനൊപ്പം നിന്ന പോലിസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. തന്നെ മാത്രം വേട്ടയാടി. എന്നാല്‍ തന്റെ നിരപരാധിത്വം പിന്നീട് അംഗീകരിക്കേണ്ടതായി വന്നതായും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രലോഭനങ്ങളില്‍ വഴങ്ങി തന്നെ വേട്ടയാടുമ്പോഴും സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്ന് ജേക്കബ് ജോബ് പറഞ്ഞു.
മാധ്യമങ്ങള്‍ക്കുള്ളില്‍ എന്ന പോലെ പോലിസ്‌സേനയിലും ചില പുഴുക്കുത്തുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഇതു കണ്ടെത്താ ന്‍ പോലിസിന് കഴിയും. ഒരു പോലിസ് ഉദ്യോഗസ്ഥന്‍ സ്വയം അധപ്പതിക്കാന്‍ ആഗ്രഹിക്കുന്നില്ല.
പോലിസ് സേനയ്ക്ക് നിയമവും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ അത്തരം നിയമങ്ങളുടെയോ, നിയന്ത്രണങ്ങളുടെയോ പരിധിയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തോട് കൂടുതല്‍ ബാധ്യത കാണിക്കണമെന്നും ജേക്കബ് ജോബ് പറഞ്ഞു. ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിഷാമുമായി ഒരു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിക്കു വിധേയമാക്കിയിരുന്നു. മൂന്നു തവണ നിഷാമുമായി ജേക്കബ് ജോബ് കൂടിക്കാഴ്ച നടത്തിയെന്നു തെളിഞ്ഞതോടെയായിരുന്നു സസ്‌പെന്‍ഷന്‍. നിഷാമിനെ ഒറ്റയ്ക്കു കണ്ടതായി ഇദ്ദേഹം സമ്മതിച്ചിരുന്നു. എന്നാല്‍ ചോദ്യംചെയ്യലിന്റെ ഭാഗമായാണു കണ്ടതെന്നായിരുന്നു വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷാമിനെ ബംഗളൂരുവില്‍ സുഖവാസത്തിനു കൊണ്ടുപോയെന്ന ആരോപണത്തെപ്പറ്റിയാണ് ചോദിച്ചത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തിയാണു വിവരങ്ങള്‍ ആരാഞ്ഞത്. ചിലര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി മനസ്സിലായി. നിഷാമില്‍ നിന്നു തനിക്കും പ്രലോഭനങ്ങളും ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടായതായും ജേക്കബ് ജോബ് മുമ്പു വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it