World

നിശാക്ലബ്ബിലെ ആക്രമണം: യുഎസില്‍ സുരക്ഷ ശക്തമാക്കി

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിനു പിന്നാലെ യുഎസില്‍ സുരക്ഷ ശക്തമാക്കി.
യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിവയ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒമര്‍ മതീം എന്ന അക്രമിയെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയതോടെയാണ് ആക്രമണത്തിന് അവസാനമായത്. തങ്ങള്‍ കണ്ടതില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇതെന്ന് ഒര്‍ലാന്‍ഡോ പോലിസ് മേധാവി ജോണ്‍ മിന പറഞ്ഞു. ദുരന്തം സംസ്ഥാനത്തു മാത്രം ഒതുങ്ങുന്നതല്ലെന്നും ദേശീയ ദുരന്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഫ്‌ളോറിഡയില്‍ ആക്രമണം നടത്തിയത് തങ്ങളുടെ ഭടനെന്ന് ഐഎസ് അറിയിച്ചിട്ടുണ്ട്. സംഘത്തിന്റെ അല്‍ബയാന്‍ റേഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തീവ്രവികാരമുണര്‍ത്തുന്ന പ്രസ്താവനകളെത്തുടര്‍ന്ന് എഫ്ബിഐ ഇയാളെ രണ്ടു തവണ ചോദ്യം ചെയ്തതായി എഫ്ബിഐ ഏജന്റ് റോണ്‍ ഹോപ്പര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ ഇയാള്‍ പോലിസിന് ഫോണ്‍ ചെയ്തതായുള്ള മാധ്യമവാര്‍ത്തകളും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ ഒരു പോലിസുദ്യോഗസ്ഥനുമുണ്ട്. 300ഓളം പേരാണ് സംഭവസമയം ക്ലബ്ബിലുണ്ടായിരുന്നത്.
അനുശോചനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ എംപെയര്‍ സ്റ്റേറ്റ് കെട്ടിടം ഇന്നലെ പ്രകാശിച്ചില്ല. നഗരത്തില്‍ പതാക പകുതി താഴ്ത്തി കെട്ടിയതായി ന്യൂയോര്‍ക്ക് മേയര്‍ അറിയിച്ചു. എല്‍ജിബിടി സമൂഹം സംഘം ചേരുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം അറിയിച്ചു. പോലിസ് സാന്നിധ്യവും വര്‍ധിപ്പിച്ചു. തീവ്രവാദ ആക്രമണമാണിതെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആരോപിച്ചു. തുടര്‍ന്ന്, ഫ്‌ളോറിഡ ഗവര്‍ണര്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
തന്റെ മകന്റെ മനസ്സില്‍ ഇങ്ങനെയൊരു ചിന്തയുള്ളതായി അറിയില്ലായിരുന്നു എന്നാണ് മതീമിന്റെ പിതാവ് സിദ്ദീഖ് മതീം ഇന്നലെ പറഞ്ഞത്. ക്ലബ്ബില്‍ നിന്നും മൃതദേഹങ്ങള്‍ ഇന്നലെ പുറത്തെടുത്തു.
Next Story

RELATED STORIES

Share it