wayanad local

നിവേദനം നല്‍കിയിട്ട് രണ്ടുവര്‍ഷം ; അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കാന്‍ നടപടികളില്ല



മാനന്തവാടി: റോഡരികില്‍ അപകടഭീഷണിയുയര്‍ത്തി നിലകൊള്ളുന്ന മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപടികളില്ല. മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വലിയ പൂമരമാണ് വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാവുന്നത്. പൂമരങ്ങള്‍ പൊതുവെ ബലം കുറഞ്ഞവയായതിനാല്‍ തന്നെ ചെറിയ കാറ്റോ മഴയോ ഉണ്ടായാല്‍ ഏതുനിമിഷവും നിലംപതിക്കും. റോഡരികിലെ മരത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. മാനന്തവാടി-കല്‍പ്പറ്റ പ്രധാന പാതയായ ഇതിലൂടെ നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോവുന്നു. സ്‌കൂളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഈ മരത്തിന് ചുവട്ടിലാണ് ബസ് കാത്തുനില്‍ക്കുന്നത്. മരം നിലംപതിച്ചാല്‍ വന്‍ ദുരന്തത്തിനാണ് സാക്ഷിയാവേണ്ടി വരിക. ഹൈപര്‍ ടെന്‍ഷന്‍ വൈദ്യുതി ലൈനും മരത്തിന് അടിയിലൂടെയാണ് കടന്നുപോവുന്നത്. മരത്തിന് തൊട്ടരികിലായി കടകളും വീടുമുണ്ട്. കഴിഞ്ഞ വേനല്‍മഴയില്‍ സ്‌കൂള്‍ കോംപൗണ്ടിലെ പൂമരം നിലംപതിച്ചിരുന്നു. തലനാരിഴയ്ക്കാണ് അന്ന് വലിയ ദുരന്തം ഒഴിവായത്. കാറ്റടിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ മാറിനിന്ന സമയത്താണ് മരം കടപുഴകി വീണത്. സ്‌കൂളിന്റെ മതില്‍ തകരുകയും സമീപത്തെ വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. റോഡരികില്‍ അപകടഭീഷണിയായി നിലകൊള്ളുന്ന മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് രണ്ടുവര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിട്ടും ഇതുവരെ നടപടികളുണ്ടായില്ലെന്നു പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. സ്‌കൂള്‍ കോംപൗണ്ടില്‍ റോഡിനോട് ചേര്‍ന്ന് മറ്റൊരു പൂമരവും ഭീഷണിയായി നിലകൊള്ളുന്നുണ്ട്.
Next Story

RELATED STORIES

Share it