നിവര്‍ന്ന് നില്‍ക്കുക, മുട്ടിലിഴയരുത്; എസ്ഡിപിഐ റാലി 26ന് കൊടുങ്ങല്ലൂരില്‍

തൃശൂര്‍: രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ ഭീകരതയിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് എസ്ഡിപിഐ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി മധ്യമേഖല ജില്ലകളുടെ റാലിയും പൊതുസമ്മേളനവും ഡിസംബര്‍ 26 വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂരില്‍ ദേശിയ ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ ഉദ്ഘാടനം ചെയ്യും. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 10000ത്തോളം പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ റാലിയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിന്നാക്ക-ന്യൂനപക്ഷ-ദലിത്-ആദിവാസി വിഭാഗങ്ങള്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അവസാനിക്കേണ്ടതുണ്ട്. സഹജീവി സ്‌നേഹത്തിന്റേയും മതമൈത്രിയുടേയും മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്. എന്നാല്‍ മൗലീകാവകാശമായ എല്ലാ സ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്തുന്ന ഇപ്പോഴത്തെ ഭരണകൂട നിലപാടുകള്‍ ജനാധിപത്യ സംവിധാനങ്ങളുള്ള ഒരു രാജ്യത്തിന് അപമാനകരമാണ്.
ഡിസംബര്‍ 10 മുതല്‍ 31 വരെ എസ്ഡിപിഐ പ്രഖ്യാപിച്ച നിവര്‍ന്നു നില്‍ക്കുക, മുട്ടിലിഴയരുത് എന്ന ദേശീയ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 10ന് കോഴിക്കോട്ട് ദേശിയ പ്രസിഡന്റ് എ സഈദ് നിര്‍വഹിച്ചു. കാംപയിന്റെ ഭാഗമായി പഞ്ചായത്ത് തല പദയാത്രകള്‍, മണ്ഡലം വാഹനജാഥ, തെരുവുനാടകം, നാടന്‍പാട്ടുകള്‍, നാട്ടുകൂട്ടം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊടുങ്ങല്ലൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നീ മൂന്നു സ്ഥലങ്ങളിലാണ് റാലികള്‍ സംഘടിപ്പിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, സംസ്ഥാന ഭാരവാഹികളായ എം കെ മനോജ്കുമാര്‍, ജലീല്‍ നീലാമ്പ്ര, പി കെ ഉസ്മാന്‍, കെ കെ റൈഹാനത്ത്, റോയി അറക്കല്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ സത്താര്‍, സാമൂഹിക പ്രവര്‍ത്തകനായ അഡ്വ. കെ എസ് മധുസൂദനന്‍, പ്രവാസിഫോറം സംസ്ഥാന പ്രസിഡന്റ് പി അഹ്മദ് ഷരീഫ്, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫീക്കറലി, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സ്വാതന്ത്ര്യസമര സേനാനി എ എസ് നാരായണപിള്ള 26ന് റാലിയില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗങ്ങളായ കെ കെ ഹുസൈര്‍, മീഡിയ ഇന്‍ചാര്‍ജ്ജ് സി പി മുഹമ്മദ് അലി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ജലീല്‍, സെക്രട്ടറി കെ എം ഇഖ്ബാല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it