palakkad local

നിള നീര്‍ച്ചാലും പൊന്തക്കാടുമായി മാറുന്നു; ഭാരതപ്പുഴയോരത്ത് കുടിവെള്ളക്ഷാമം രൂക്ഷം

സി കെ ശശി ചാത്തയില്‍

ആനക്കര: വേനല്‍ കനത്തതോടെ നിളാ നദി നീര്‍ച്ചാലും പൊന്തക്കാടുമായി മാറിയതോടെ ഭാരതപ്പുഴയോരങ്ങളില്‍ കുടിവെള്ള ക്ഷാമം ശക്തമാകുന്നു. ഭാരതപ്പുഴയെ സ്രോതസ്സാക്കിയുള്ള കുടിവെളള പദ്ധതികള്‍ പലതും ഇതോടെ താളം തെറ്റുന്നു. ഭാരതപ്പുഴ കേന്ദ്രീകരിച്ചാണ് പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികളിലേറെയും പ്രവര്‍ത്തിക്കുന്നത്.
കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള ഡാനിഡ കുടിവെള്ള പദ്ധതി പമ്പിങ് പ്രദേശമാകെ വറ്റിവരണ്ടിരിക്കുകയാണ്. ഒരു മെയിന്‍ കിണറടക്കം മൂന്ന് കിണറുകളാണ് ഉള്ളത്. ഇപ്പോള്‍ പല കിണറിലേയും ജലവിതാനം താന്നിരിക്കുകയാണ്. ഒരു മുന്‍സിപ്പാലിറ്റി അടക്കം ആറ് പഞ്ചായത്തുകളിലേക്കാണ് പദ്ധതി പ്രകാരം വെള്ളമെത്തിക്കുന്നത്. കിണര്‍ പ്രദേശമാകെ വെള്ളം വറ്റിയതും പുഴയിലെ നീരൊഴുക്ക് ഗതി മാറിപ്പോകുന്നതും കുടിവെള്ള പദ്ധതിയെ താളം തെറ്റിക്കാന്‍ കാരണമാകുന്നുണ്ട്. വെള്ളിയാങ്കല്‍ റെഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതും ഈ പ്രദേശത്തേക്കുള്ള നീരൊഴുക്ക് നിലയ്ക്കാന്‍ കാരണമായി. നേരത്തെ ഡാനിഡ പദ്ധതിക്കു സമീപം താല്‍ക്കാലിക തടയണ നിര്‍മിച്ചെങ്കിലും വെള്ളിയാങ്കല്ലിലെ ഷട്ടര്‍ തുറന്നതോടെ താല്‍ക്കാലിക തടയണ തകരുകയായിരുന്നു. ഡാനിഡ പദ്ധതിക്കു സമീപം സ്ഥിരം തടയണ നിര്‍മിച്ചാല്‍ മാത്രമേ പദ്ധതിക്കു ദീര്‍ഘായുസ്സുണ്ടാവുകയുള്ളൂ. പുറമേ പദ്ധതിക്കു സമീപം നടക്കുന്ന അംഗീകൃത, അനധികൃത മണല്‍കടത്ത് തടയുകയും വേണം.
ഷൊര്‍ണൂര്‍: ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി തുടരുമ്പോള്‍ ജല അതോറിറ്റിയും ജില്ലാ ഭരണകൂടവും നോക്കുകുത്തികളാകുന്നു. ഭരതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ വാട്ടര്‍ അതോറിറ്റിയുടെ നാല് ദിവസത്തിലൊരിക്കല്‍ നടക്കുന്ന പമ്പിങ് അവതാളത്തിലായി. കൊച്ചിന്‍ പാലത്തിന് സമീപത്തെ കിണറുകളിലും നീരുറവ എത്തുന്നില്ല. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലാണ്.
കാലാകാലങ്ങളായുള്ള മണലെടുപ്പുമൂലം പുഴയുടെ വെള്ളക്കെട്ടുകള്‍ക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്. കൊച്ചിന്‍ പാലത്തിന് സമീപത്തെ ജലാശയം വഴി മാറി രണ്ട് കലോമീറ്റര്‍ താഴെ ഇപ്പോള്‍ വന്‍ ജലശേഖരമാണിപ്പോഴുള്ളത്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താന്‍ ജല അതോറിറ്റിക്ക് സംവിധാനങ്ങളില്ല. മിനി പമ്പിംഗ് സ്‌റ്റേഷനുകള്‍ ഈ ഭാഗങ്ങളില്‍ തുടങ്ങിയാല്‍ ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാനാവും. കഴിഞ്ഞ നഗരസഭാ ഭരണസമിതി തുടങ്ങിയ പല മിനികുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നില്ല. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കുഴല്‍കിണര്‍, ഹാന്റ് പമ്പിങ് സംവിധാനങ്ങളും ദ്രവിച്ചു തുടങ്ങി.
25 ലക്ഷം രൂപ എസ്‌സി ഫണ്ട് ഉപയോഗിച്ചാണ് മേച്ചിരാത്ത് കുന്ന് കുടിവെള്ള പദ്ധതി തുടങ്ങിയത്, അതും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഈ പദ്ധതിയുടെ പുനര്‍നിര്‍മാണത്തിനായി വീണ്ടും ഭരണസമിതി 19 ലക്ഷം അനുവദിച്ചത് ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.
ഹരിജന്‍ കോളനിയിലുടെ പേരിലുള്ള കുടിവെള്ള പദ്ധതിയുടെ പ്രയോജനം കോളനിക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. 25 ലക്ഷം ചെലവിട്ട പ്രവൃത്തിയില്‍ തന്നെ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇത്തരം പ്രശ്‌നം നിലനില്‍ക്കുമ്പോഴും വീണ്ടും 19 ലക്ഷം അനുവദിച്ചത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നതാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it