നിള കവര്‍ന്ന യദുകൃഷ്ണന്റെ കണ്ണീരോര്‍മയ്ക്ക് ഒരു ദശകം

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

തൃശൂര്‍: 10 കൊല്ലം മുമ്പ് ഇതു പോലൊരു കലോല്‍സവ നാളിലാണു കൊല്ലം തേവള്ളി ബോയ്‌സിലെ യദുകൃഷ്ണനെ നിള മരണത്തിന്റെ ചുഴിയിലൊളിപ്പിച്ചത്. ജീവന്റെ ജീവനെ തട്ടിയെടുത്ത നിളയോടു പരിഭവിക്കാനല്ലാതെ കൂട്ടുകാ ര്‍ക്കും ഒപ്പം വന്ന അധ്യാപകര്‍ക്കും മറ്റെന്തു ചെയ്യാനാവും. പുഴ തിരികെത്തന്ന നിശ്ചലമായ മകന്റെ ശരീരം കണ്ട്  രക്ഷിതാക്കള്‍ കണ്ണീര്‍പ്പുഴയൊഴുക്കി. 2008 ജനുവരിയില്‍ കുറ്റിപ്പുറത്തു നടന്ന ഹയര്‍ സെക്കന്‍ഡറി സംസ്ഥാന കലോ ല്‍സവത്തില്‍ മല്‍സരാര്‍ഥിയായിരുന്ന യദുകൃഷ്ണനെ മരണത്തിന്റെ രൂപത്തിലാണ് നിള തട്ടിയെടുത്തത്. തിരുനാവായയില്‍ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയതായിരുന്നു. യദുവിന്റെ മരണത്തോടെ ഹയര്‍ സെക്കന്‍ഡറിക്കു മാത്രമായ കലോല്‍സവവും ഓര്‍മയായി. സ്‌കൂള്‍ കലോല്‍സവത്തോടൊപ്പം ഹയര്‍ സെക്കന്‍ഡറിയെയും ചേര്‍ക്കുകയായിരുന്നു പിന്നീട്. മൈം മല്‍സരാര്‍ഥിയായിരുന്നു എപ്പോഴും ചിരിച്ചു മാത്രം കാണപ്പെടുന്ന യദുകൃഷ്ണനെന്ന് അവന്റെ അധ്യാപകരും സുഹൃത്തുക്കളും ഓര്‍ക്കുന്നു. ഓരോ കലോല്‍സവവും കടന്നുവരുമ്പോഴും യദുവിന്റെ മാതാപിതാക്കള്‍ക്കു ദുഃഖത്തോടെയല്ലാതെ ആ നാളുകള്‍ ഓര്‍ക്കാനാവില്ല. നനവാര്‍ന്ന മിഴികള്‍ക്കുള്ളില്‍ ദുഃഖമൊളിപ്പിച്ച് അവര്‍ മകന്റെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കും.കാലം നല്‍കിയ മഹാസങ്കടത്തിന്റെ ആഴങ്ങളില്‍ നിന്നു പുറത്തെത്താന്‍ യദുവിന്റെ സ്‌കൂളായ കൊല്ലം തേവള്ളി ബോയ്‌സ് എച്ച്എസ്എസിന് ഇപ്പോഴുമായിട്ടില്ല. 2008ലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മൂകാഭിനയ ജേതാക്കളായി തങ്ങളുടെ കുട്ടികള്‍ തിരിച്ചെത്തുന്നുമെന്ന പ്രതീക്ഷയിലായിരുന്നു സ്‌കൂള്‍ അധികൃതര്‍. മൂകാഭിനയത്തില്‍ ജില്ലയില്‍ ഒന്നാമതെത്തുന്ന കുട്ടികള്‍ക്കു യദുകൃഷ്ണന്റെ പേരില്‍ 2009 മുതല്‍ സ്‌കൂള്‍ വക ട്രോഫി ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് അവര്‍ മൂകാഭിനയ മല്‍സരത്തിന് ഇറങ്ങിയിരുന്നില്ല. എന്നാല്‍ ഇത്തവണ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' എന്ന കഥ മൂകാഭിനയത്തിന്റെ രംഗഭാഷയാക്കി മാറ്റി എച്ച്എസ്എസ് വിഭാഗത്തില്‍ സ്‌കൂളിലെ കുട്ടികള്‍ വേദിയിലെത്തി. യദുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ട്രോഫി സ്വന്തമാക്കിയാണു കുട്ടികള്‍ സ്‌കൂളിലേക്കു മടങ്ങിയത്.  എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി യദുസ്മാരക ട്രോഫി സ്വന്തമാക്കുമ്പോള്‍ സ്‌കൂളിന് കണ്ണീരാനന്ദമായി. മൈം ആര്‍ട്ടിസ്റ്റ് ചേര്‍ത്തല മനോജ് ആണു കുട്ടികളെ പരിശീലിപ്പിച്ചത്. ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ ആ മൈം ടീം ഇത്തവണ തൃശൂരിലെത്തും. നിള ഇന്നു വറ്റിവരണ്ടു യദുവിനെ മറന്നമട്ടാണ്. കാലം എല്ലാ ശോകവും മായ്ക്കും പോലെ. യദുവിന്റെ ഓര്‍മകളും തേക്കിന്‍കാടിനു ചുറ്റും ഇക്കുറി പാറിപ്പറക്കും.
Next Story

RELATED STORIES

Share it