Districts

നിളാതീരത്ത് ദേശാടനപ്പക്ഷികള്‍ വിരുന്നെത്തിത്തുടങ്ങി

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ഭാരതപ്പുഴയോരത്ത് ദേശാടനക്കിളികള്‍ വിരുന്നെത്തിത്തുടങ്ങി. ഒക്ടോബര്‍ അവസാനം മുതല്‍ ഏപ്രില്‍ മാസം വരെയാണ് നിളാതീരത്ത് ദേശാടനക്കിളികള്‍ പാര്‍ക്കാന്‍ എത്തുക. ഭാരതപ്പുഴയോരത്തെ അഞ്ചോളം കേന്ദ്രങ്ങളിലാണു പ്രധാനമായും ദേശാടനക്കിളികള്‍ എത്തുന്നത്. ഇതില്‍ പ്രധാനം പൊന്നാനിക്കടുത്തുള്ള പുറത്തൂര്‍ ആണ്. ഭാരതപ്പുഴയും തിരൂര്‍ പുഴയും സംഗമിക്കുന്ന പുറത്തൂരില്‍ ഇതിനകം സൈബീരിയന്‍ കൊക്കുകള്‍ വിരുന്നെത്തിയിട്ടുണ്ട്.
വിവിധയിനം ദേശാടനക്കിളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണു പുറത്തൂരെന്നു പക്ഷിനിരീക്ഷകര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തൂരിനെ ഇ ന്റര്‍നാഷനല്‍ ബേര്‍ഡ് ലൈഫ് ദേശാടനക്കിളികളുടെ പ്രധാന സങ്കേതമായി പരിഗണിച്ചിരുന്നു. പക്ഷേ, ദേശാടനക്കിളികളെ വേട്ടയാടുന്നത് ഇവിടെ വര്‍ധിച്ചതിനാല്‍ ചില വര്‍ഷങ്ങളി ല്‍ പക്ഷികളുടെ വരവ് കുറഞ്ഞിരുന്നു.
ദേശാടനക്കാരായ വലിയ കടല്‍കാക്ക, കരിന്തലയന്‍ കടല്‍കാക്ക, ചേരകൊക്ക്, കഷണ്ടിക്കൊക്ക്, കന്യാസ്ത്രീ കൊക്ക്, പവിഴക്കാല, ഗോഡ്‌വിറ്റ്, ചെങ്കാലന്‍ ഷാങ്ക്, തുടങ്ങിയ ദേശാടനപ്പക്ഷികളാണ് എത്തിത്തുടങ്ങിയത്. ഭാരതപ്പുഴയുടെ തീരമായ കുറ്റിപ്പുറത്ത് സപ്തംബര്‍ മാസത്തോടെതന്നെ ദേശാടനക്കിളികള്‍ എത്തിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി കൂടുതല്‍ ഇനം ദേശാടനക്കിളികള്‍ എത്തുന്നത് കുറ്റിപ്പുറത്തെ നിളാതീരത്തേക്കാണ്. വിവിധയിനം കടല്‍കാക്കകളാണു കുറ്റിപ്പുറം തീരത്ത് എത്തിയിട്ടുള്ളത്. ലെസ്സര്‍ ബ്ലാക്ക് ബേക്ക്ഡ് കടല്‍ പക്ഷി, ഗ്രേറ്റ് ബ്ലാക്ക് ഹീഡഡ്, എല്ലോ ലെഗഡ്, ബ്രൗണ്‍ ഹെഡഡ്, നോര്‍ത്തേണ്‍ പിന്‍ടെയില്‍ തുടങ്ങിയ വിദേശയിനം കടല്‍പ്പക്ഷികള്‍ നിളാതീരത്ത് എത്തിയിട്ടുണ്ട്. ഇതിനു പുറമെ ലേസര്‍ വിസ്റ്റിലിങ്, ലെസര്‍ സാന്റ് പ്ലോവര്‍, ലിറ്റില്‍ കോര്‍മാന്റ്, പോണ്ട് ഹെറോണ്‍, ലിറ്റില്‍ എഗ്രറ്റ് തുടങ്ങിയ ഇനം കൊക്കുകളയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തിരുനാവായ നിളാതീരത്തും നിരവധി ദേശാടനക്കിളികള്‍ എത്തിത്തുടങ്ങി. കടല്‍പ്പക്ഷികളാണു കൂട്ടത്തോടെ ഇവിടെ എത്തിയിട്ടുള്ളത്. നിളയോടു ചേര്‍ന്ന ചെറിയ ദ്വീപുകളിലാണു ദേശാടനക്കിളികള്‍ തമ്പടിച്ചിട്ടുള്ളത്.
ബിയ്യം കായല്‍ പ്രദേശങ്ങളില്‍ നീലക്കോഴി, ചേരക്കൊക്ക്, ചായ മുണ്ടി, ചാരമുണ്ടി, തുടങ്ങിയ അപൂര്‍വയിനം ദേശാടനപ്പക്ഷികളെ കണ്ടെത്തിയിരുന്നു. നിളാതീരത്തെ തൃത്താല, വെള്ളിയാങ്കല്ല്, ചമ്രവട്ടം, പേരശ്ശന്നൂ ര്‍, കൊണ്ടയൂര്‍, തവനൂര്‍, കൂട്ടക്കടവ് തുടങ്ങിയ സ്ഥലങ്ങളിലും ദേശാടനക്കിളികള്‍ എത്താറുണ്ട്.
പ്രമുഖ പക്ഷിനിരീക്ഷകനായ അഡ്വ. എല്‍ നമശ്ശിവായത്തിന്റെ നേതൃത്വത്തില്‍ 2004ല്‍ ഇവിടെ നടത്തിയ ഏഷ്യന്‍ ജല പക്ഷി സര്‍വേയില്‍ ദേശാടനപ്പക്ഷിക ള്‍ക്കു ഭാരതപ്പുഴയുടെ തീരങ്ങളോടുള്ള താല്‍പ്പര്യം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. പുറത്തൂര്‍ ഉള്‍പ്പെടുന്ന പൊന്നാനി പുഴയോരം കമ്മ്യൂണിറ്റി റിസര്‍വോയറായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ചു വിവിധ സംഘടനകള്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് അട്ടിമറിക്കപ്പെടുകയാണുണ്ടായത്.
Next Story

RELATED STORIES

Share it