kozhikode local

നിളയ്ക്ക് അഭിനയം വീട്ടുകാര്യം കൂടിയാണ്‌

പേരാമ്പ്ര: മാതാവിന്റെയും പിതാവിന്റെയും പാത പിന്തുടര്‍ന്ന് നിള നീന്തിപ്പിടിച്ചത് മോണോ ആക്ടില ഒന്നാം സ്ഥാനം. യുപി വിഭാഗം മോണോ ആക്ടില്‍ ഒന്നാംസ്ഥാനം നേടിയ നടക്കാവ് ജിവിഎച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ നിളയ്ക്ക് അഭിനയം വീട്ടുകാര്യം കൂടിയാണ്.
അനുഗ്രഹീത കലാകാരന്മാരായ നൗഷാദ് ഇബ്രാഹിമിന്റെയും ജയ നൗഷാദിന്റെ രണ്ടാമത്തെ മകളായ നിള അഭിനയ മികവിന്റെ മറ്റൊരു തലം കാഴ്ച്ച വച്ചാണ് മോണോ ആക്ടില്‍ ഒന്നാംസ്ഥാനം നേടിയത്. കുട്ടിക്കാലം മുതലേ നാടക വേദികള്‍ തൊട്ടറിഞ്ഞ നിള വേദിയില്‍ ജീവിതത്തെ ഭാവങ്ങളിലൂടെ അവതരിപ്പിച്ചപ്പോള്‍ സദസ്സൊന്നാകെ ഹര്‍ഷാരവം മുഴക്കി.
പട്ടിണി പ്രമേയമാക്കി സന്തോഷ് എച്ചിക്കാനമെഴുതിയ ബിരിയാണി എന്ന ചെറുകഥയാണ് നിള അരങ്ങിലെത്തിച്ചത്. പൂക്കാട് കലാലയത്തിലെ നാടകപ്രവര്‍ത്തകരായ പിതാവ് നൗഷാദും മാതാവ് ജയയും നിരവധി വേദികളില്‍ മല്‍സരിച്ച് അഭിനയിക്കുന്നത് കണ്ടാണ് നിള അഭിനയ രംഗത്തേക്ക് ചുവട് വച്ചത്. 2015ല്‍ നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത കച്ചറ പൂതം എന്ന നാടകത്തില്‍ വേഷമിട്ട നിളയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നിരവിധി ടിവി റിയാലിറ്റി ഷോയകളിലും മികവ് തെളിയിച്ചാണ് ഈ കൊച്ചുമിടുക്കിക്കായിട്ടുണ്ട്.
നാടകാഭിനയത്തിന് പുറമെ വെള്ളിത്തിരയിലും നിളയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ബിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിച്ച നിള ബെന്‍, സൈഗാള്‍ പാടുകയാണ്, മൈഗോഡ് എന്നീ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു. മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത ചന്ദ്രഗിരി എന്ന ചിത്രത്തില്‍  ലാലിനൊപ്പം മുഴു നീളെ കഥാപത്രത്തെയും നിള അവതരിപ്പിച്ചിട്ടുണ്ട്. നിളയുടെ സഹോദരി സ്വാതിയും സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച പ്രതിഭയാണ്.
പി വല്‍സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി പൂക്കാട് കലാലയം അവതരിപ്പിച്ച നാടകത്തിലെ അഭിനയത്തിന് 2009 ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നൗഷാദിന് ലഭിച്ചു. 2010 ല്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ജയയിലൂടെ കുടുംബത്തില്‍ എത്തി. കലോല്‍സവ വേദികളില്‍ നിള ഒന്നാം സ്ഥാനം കൈവരിക്കുമ്പോള്‍ നൗഷാദിന്റെയും ജയയുടേയും കലാജിവിതത്തിന് പുതിയൊരു അംഗീകാരം കൂടിയാവുകയാണ്.
Next Story

RELATED STORIES

Share it