kozhikode local

നില മെച്ചപ്പെടുത്തുമെന്ന് മുന്നണികളും പാര്‍ട്ടികളും

നാദാപുരം: ഫലമറിയാന്‍ മൂന്ന് ദിവസംകൂടി കാത്തിരിക്കേണ്ടിവരുമെങ്കിലും നില മെച്ചപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് മുന്നണികളും ചെറുപാര്‍ട്ടികളും. ബ്ലോക്ക് ജില്ലാ ഡിവിഷനുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കൂടുതല്‍ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും നിലവിലെ ഭരണങ്ങള്‍ നിലനിര്‍ത്താനുള്ള സാധ്യതകളാണുള്ളതെന്നാണ് വിലയിരുത്തല്‍.
ഗ്രാമപ്പഞ്ചായത്തുകളില്‍ പുറമേരി, എടച്ചേരി, വളയം എന്നിവ എല്‍ഡിഎഫും നാദാപുരം ചെക്യാട്, വാണിമേല്‍ യുഡിഎഫും നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. യുഡിഎഫ് പിടിച്ചെടുത്ത തൂണേരി ഗ്രാമപ്പഞ്ചായത്ത് നില നിര്‍ത്താന്‍ യുഡിഎഫും തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫും ശക്തമായ പോരാട്ടമാണ് നടത്തിയിരുന്നത്. ആകെയുള്ള 15 ല്‍ യുഡിഎഫ് ഒമ്പത് വാര്‍ഡുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ എട്ട് സീറ്റ് ലഭിക്കുമെന്ന് എല്‍ഡിഎഫിനും പ്രതീക്ഷയുണ്ട്. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 22 വാര്‍ഡുകളില്‍ നിലവിലുള്ള 16 വാര്‍ഡുകള്‍ക്ക് പുറമെ രണ്ട്, എട്ട് വാര്‍ഡുകളും കൂടി ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
എന്നാല്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി ഒമ്പതെണ്ണം നേടുമെന്ന് അവകാശപ്പെടുന്നു. ചെക്യാട് പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ 43 എണ്ണത്തില്‍ യുഡിഎഫ് വിജയം ഉറപ്പിക്കുമ്പോള്‍ പുറമേരിയില്‍ 17 ല്‍ 15 എല്‍ഡിഎഫ് ഉറച്ച സീറ്റായാണ് കാണുന്നത്. ശേഷിച്ച രണ്ടു വാര്‍ഡുകളില്‍ ആറില്‍ യുഡി.എഫ് റിബലായി മല്‍സരിച്ച അബ്ദുസ്സലാമിന് അവസാന നിമിഷം എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.അബ്ദുസ്സലാമിനാണ് വിജയ സാധ്യത. എടച്ചേരിയിലെ 15 വാര്‍ഡുകളില്‍ നിലവിലെ അഞ്ച് അക്കത്തില്‍ നിന്ന് മുന്നോട്ടു പോകുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും എല്‍ഡിഎഫ് അതിന് ഒരു സാധ്യതയും കാണുന്നില്ല.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഡിവിഷനുകളില്‍ നിലവിലെ എട്ടില്‍ നിന്ന് ഒമ്പതെണ്ണമായി ഉയര്‍ത്തുമെന്നാണ് എല്‍ഡിഎഫ് വിശ്വാസം. ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷനിലെ കഴിഞ്ഞ വിജയം ഈ പ്രാവശ്യവും ആവര്‍ത്തിക്കുമന്നാണ് യുഡിഎഫിന്റെ ശുഭപ്രതീക്ഷ.
Next Story

RELATED STORIES

Share it