kozhikode local

നിലവിലുള്ള കൂലി കുറച്ചു : റേഷന്‍ ഡിപ്പോ തൊഴിലാളികള്‍ പണിമുടക്കിലേക്ക്‌



വടകര: നിലവിലുള്ള കൂലി കുറച്ചതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡിപ്പോ തൊഴിലാളികള്‍ പണിമുടക്കിലേക്ക്. വില്യാപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ മെയ് മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം കൂലി പുതുക്കി നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം നവംബര്‍ 9 വരെ ജോലി ചെയ്ത് വരികയായിരുന്നു തൊഴിലാളികള്‍. എന്നാല്‍ 9ന് 12 മണിയോടെയാണ് നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്നതായ കൂലി കുറച്ച് ജോലി ചെയ്യണമെന്ന് സിവില്‍ സപ്ലൈസ് കോണ്‍ട്രാക്ടറുടെ നിര്‍ദേശം ലഭിച്ചത്. ഈ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചുമട്ട് തൊഴിലാളികള്‍ ജോലി നിര്‍ത്തിവച്ച് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഒരു ലോഡ് ഇറക്കിയാല്‍ 1400രൂപയും ഒരു ലോഡ് തൂക്കി വണ്ടിയില്‍ കയറ്റുന്നതിന് 1800രൂപയുമാണ് കൂലി. എന്നാല്‍ പുതുക്കിയ കൂലിയില്‍ ഇറക്കിന് 1400ല്‍ നിന്ന് 1495 രൂപ കൂട്ടിയെങ്കിലും, കയറ്റിന് 500 രൂപ കുറച്ച് 1300ലേക്ക് എത്തിച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.പ്രശ്‌നം ലേബര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ശനിയാഴ്ചയോടെ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. എന്നാല്‍ നിലവിലുള്ള കോണ്‍ട്രാക്ടറുടെ നിര്‍ദേശത്തിന് അനുകൂല നിലപാടാണ് ഉദ്യോഗസ്ഥര്‍ എടുക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും സംയുക്ത തൊഴിലാളി യൂനിയന്‍ കുറ്റപ്പെടുത്തി. 44 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഒരു ഗോഡൗണില്‍ നിന്ന് മാത്രം കയറ്റിറക്ക് നടത്തിയ ഇവര്‍ ഇപ്പോള്‍ നാല് ഗോഡൗണുകളിലായാണ് ജോലി ചെയ്യുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. സമരം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസും, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും നിലവിലുള്ള കോണ്‍ട്രാക്ടറും  ഇടപെട്ട് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കെസി ബിനീഷ് അധ്യക്ഷത വഹിച്ചു. ടിപികെ അബ്ദുല്ല, അഡ്വ.വികെ കുഞ്ഞിമൂസ്സ, എം റഫീഖ്, ഹാരിസ് പറമ്പത്ത്, അഹമ്മദ് കുന്നുമ്മല്‍, കെവി റഹീം സംസാരിച്ചു.
Next Story

RELATED STORIES

Share it