നിലവാരമുള്ള സിനിമകള്‍ കുറയുന്നു: ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: മലയാളത്തില്‍ നിലവാരമുള്ള സിനിമകള്‍ കുറഞ്ഞുവരുന്നതായി കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാനും സംവിധായകനുമായ മോഹന്‍.
കുറച്ചുനാളായി ഈ പ്രവണതയാണു കണ്ടുവരുന്നത്. മുന്‍വര്‍ഷവും അതിനുമുമ്പും ഇത്തവണയും ഈ നിലവാരത്തകര്‍ച്ച പ്രകടമായിരുന്നു. സ്‌റ്റൈലൈസ്ഡ് മൂവ്‌മെന്റില്‍ കഥാപാത്രം ആവശ്യപ്പെടുംവിധം അവതരിപ്പിച്ചതുകൊണ്ടാണ് ദുല്‍ഖറിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ദുല്‍ഖറിനൊപ്പം ലുക്കാചുപ്പിയിലെയും സു സു സുധി വാത്മീകത്തിലെയും അഭിനയപാടവത്തിലൂടെ അവസാന പട്ടികയില്‍ ജയസൂര്യ ഇടംപിടിച്ചിരുന്നു. അതിനാലാണ് അദ്ദേഹത്തിന് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കിയത്. നടിമാരുടെ അവസാന പട്ടികയില്‍ നീനയിലെ ദീപ്തി സതിയും ഇടംപിടിച്ചിരുന്നു. എന്നാല്‍, പാര്‍വതിയുടെ എന്ന് നിന്റെ മൊയ്തീനിലെയും ചാര്‍ലിയിലെയും തന്മയത്വവും പ്രണയനിര്‍ഭരവുമായ വ്യത്യസ്ത അഭിനയമാണ് അവരെ അവാര്‍ഡിന് അര്‍ഹയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജൂറി കമ്മിറ്റിയുടെ ഐകകണ്‌ഠ്യേനയുള്ള തീരുമാനപ്രകാരമാണ് ഓരോരുത്തര്‍ക്കും അവാര്‍ഡ് നല്‍കിയതെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി.
സംവിധായകരായ ജോര്‍ജ് കിത്തു, എ എല്‍ വിജയ്, നടി സുലക്ഷണ, സംഗീതസംവിധായകന്‍ ശരത്, ഗാനരചയിതാവ് ബി ആര്‍ പ്രസാദ്, ഛായാഗ്രാഹകന്‍ ഡോ. സോമന്‍, അക്കാദമി മെംബര്‍ സെക്രട്ടറി സി ആര്‍ രാജ്‌മോഹന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
Next Story

RELATED STORIES

Share it