നിലവാരത്തില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ മാതൃക: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തൃശൂര്‍: വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ് എയിഡഡ് സ്‌കൂളുകള്‍ക്ക് പ്രേരകശക്തിയായി പ്രവര്‍ത്തിച്ചത് സിബിഎസ്ഇ സ്‌കൂളുകളാണ്. ഉന്നത നിലവാരമുള്ള പരീക്ഷകളും വിജയങ്ങളും കലാകായിക മല്‍സരങ്ങളും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ എന്നും മുന്നിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഎസ്ഇ സംസ്ഥാന കലോല്‍സവം ദേവമാത സിഎംഐ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി ഇബ്രാഹിം ഖാന്‍ അധ്യക്ഷനായിരുന്നു. കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഇന്ദിര രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. ദേവമാത പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍, സിബിഎസ്ഇ കോര്‍ കമ്മറ്റി കണ്‍വീനര്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍, കേരള സഹോദയ ജനറല്‍ സെക്രട്ടറി കെ എ ഫ്രാന്‍സിസ്, ചീഫ് കോ-ഓഡിനേറ്റര്‍ ഫാ. ഷാജു എടമന സിഎംഐ സംസാരിച്ചു.
മേയര്‍ അജിത ജയരാജ് പതാക ഉയര്‍ത്തി. രാവിലെ 8ന് സ്റ്റേജിതര മല്‍സരങ്ങള്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ തുടങ്ങി. സ്റ്റേജിതര മല്‍സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരനും സിനിമാനടനുമായ വി കെ ശ്രീരാമന്‍ നിര്‍വഹിച്ചു. ജയരാജ് വാര്യര്‍, ഗായത്രി സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഉച്ചയ്ക്ക് 2.30ന് തൃശ്ശൂര്‍ തെക്കേ ഗോപുരനടയില്‍ നിന്ന് തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ദേവമാത സ്‌കൂളില്‍ സമാപിച്ചു. 50ഓളം നിശ്ചല ദൃശ്യങ്ങള്‍, ഡിസ്‌പ്ലേകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി അയ്യായിരം പേര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 8 മണിമുതല്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളില്‍ 22 വേദികളില്‍ മത്സരങ്ങള്‍ ആരംഭിക്കും. 22ന് വൈകീട്ട് 5.30ന് സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. സഹകരണവകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ദേവമാത സിഎംഐ പബ്ലിക് സ്‌കൂള്‍, തൃശൂര്‍ ടൗണ്‍ഹാള്‍, പാട്ടുരായ്ക്കല്‍ നളിനം ഓഡിറ്റോറിയം, പി ടി മാനുവല്‍ റോഡ് എന്നിവിടങ്ങളിലാണ് വേദികള്‍. 144 ഇനങ്ങളിലായി 6,500 വിദ്യാര്‍ഥികള്‍ നാലു ദിവസങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it