malappuram local

നിലമ്പൂര്‍ മേഖല കാട്ടുതീ ഭീഷണിയില്‍

നിലമ്പൂര്‍: സംസ്ഥാനത്തെ പ്രധാന വനമേഖലകളിലൊന്നായ നിലമ്പൂര്‍ വനമേഖല വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണിയില്‍. പന്തീരായിരം വനമേഖലയില്‍ ഉള്‍പ്പെടെ കാട്ടുതീ റിപോര്‍ട്ട് ചെയ്തു തുടങ്ങി.
കാട്ടുതീ തടയുന്നതിന് നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലായി ഒരു കോടിയോളം രൂപ മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം തുകയും അഗ്നിരേഖ നിര്‍മിക്കാനാണ് ചിലവഴിച്ചത്. നിലമ്പൂരിലെ പ്രധാന വനമേഖലയായ പന്തീരായിരം വനം സംരക്ഷിക്കാന്‍ രണ്ട് അഗ്നിരേഖാ വാച്ചര്‍മാരെ മാത്രമേ നിയമിച്ചിട്ടുള്ളു. ഇവര്‍ക്ക് ലഭിക്കുന്നത് 15 ദിവസത്തെ വേതനം മാത്രമാണ്.
എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട വനമേഖലയാണിത്. അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ എരഞ്ഞിമങ്ങാട്ടേക്ക് മാറ്റിയതോടെ മൂലേപ്പാടത്തെ ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഒരു ഡെപ്യൂട്ടി റെയ്ഞ്ചര്‍, എസ്എഫ്ഒ, ബിഎഫ്ഒ, പിഎസ്‌സി വാച്ചര്‍മാര്‍ ഉള്‍പ്പെടെ ആകെയുള്ളത് 25 ഓളം ജീവനക്കാര്‍ മാത്രം. പന്തീരായിരം വനത്തില്‍ കാട്ടുതീ ഉണ്ടായാല്‍ 95 ശതമാനം സ്ഥലത്തും വാഹനങ്ങള്‍ക്ക് പോലും എത്താന്‍ കഴിയില്ല.
എന്നിട്ടും ആവശ്യത്തിന് ദിവസവേതന വാച്ചര്‍മാരെ നിയമിക്കാന്‍ വനം വകുപ്പ് ഫണ്ട് അനുവദിക്കുന്നുമില്ല. വഴിക്കടവ്, കരുളായി, എടവണ്ണ, നിലമ്പൂര്‍, കാളികാവ് റെയ്ഞ്ചുകളിലായി വ്യാപിച്ചുകിടക്കുന്ന നിലമ്പൂര്‍ വനമേഖല കാട്ടുതീ വിമുക്തമാവണമെങ്കില്‍ ആവശ്യമായ ഫണ്ട് വനം വകുപ്പ് അനുവദിക്കണം. അഗ്നിരേഖ നിര്‍മാണം പണം തട്ടാനുള്ള ഒരു മാര്‍ഗം മാത്രമായി മാറിക്കഴിഞ്ഞു. പന്തീരായിരം ഉള്‍പ്പെട്ട പ്രധാന വനമേഖലകളിലെല്ലാം നാമമാത്ര അഗ്നിരേഖകള്‍ മാത്രമാണുള്ളത്. ആളിപ്പടരുന്ന കാട്ടുതീ വാര്‍ത്ത റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം കീഴുദ്യോഗസ്ഥരെ കാട്ടിലേക്ക് അയച്ച് റിപോര്‍ട്ട് തയ്യാറാക്കുകയാണ് വനപാലകര്‍. ഓരോ വേനല്‍കാലത്തും നിലമ്പൂരില്‍ കത്തി നശിക്കുന്നത് കോടികളുടെ വനസമ്പത്താണ്.
Next Story

RELATED STORIES

Share it