malappuram local

നിലമ്പൂര്‍-ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് ബസ്സമയമാറ്റം: വരുമാനത്തില്‍ ഇടിവ്



നിലമ്പൂര്‍: കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നു ബംഗളൂരുവിലേക്കുള്ള ഏക സൂപ്പര്‍ ഡീലക്‌സ് ബസ്സിന്റെ പുതിയ സമയ പ്രകാരമുള്ള സര്‍വീസ് വന്‍ നഷ്ടത്തിലേക്ക്. കര്‍ണാടക സര്‍ക്കാരിന്റെ ഫോറസ്റ്റ് പാസ് പാല ഡിപ്പോക്ക് കൈമാറിയതിന് ശേഷമാണ് സമയത്തില്‍ മാറ്റം വന്നത്. 26,000 മുതല്‍ 35,000 രൂപയായിരുന്നു നേരത്തെയുള്ള പ്രതിദിന വരുമാനമെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നത് 10000 മുതല്‍ 15,000 രൂപ വരെയാണ്. ചില ദിവസങ്ങളില്‍ 10,000 ല്‍ താഴെയുമാണ് ലഭിക്കുന്നത്. എന്നാല്‍, രാത്രി പാസ് കൈമാറിയ പാല ബസ്സിന് അനുപാതിക വര്‍ധന ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ചില ദിവസങ്ങളില്‍ നേരത്തെ കിട്ടിയിരുന്നതിനെക്കാള്‍ കുറവാണ് ലഭിക്കുന്നത്. ജില്ലയുടെ പ്രതിഷേധം വകവയ്ക്കാതെയാണ് കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം  ഒക്ടോബര്‍ ഒന്നുമുതല്‍ നിലമ്പൂര്‍-ബംഗളൂരു ബസ്സിന്റെ ബന്ദിപ്പൂര്‍ നാഷനല്‍ ടൈഗര്‍ പാര്‍ക്ക് വഴിയുള്ള രാത്രി യാത്രയുടെ പാസ് പാല-ബംഗളൂരു ബസ്സിന് അനുവദിച്ചത്. ഇതോടെ നിലമ്പൂര്‍ -ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് രാത്രി ബന്ദിപ്പൂര്‍ വനമേഖല കടക്കാനാവാതെ കര്‍ണാടക വനാതിര്‍ത്തിയില്‍ മൂന്ന് മണിക്കൂറിലധികം കെട്ടികിടക്കേണ്ടതായി വന്നു. ഇതോടെയാണ് യാത്രകാര്‍ കുറഞ്ഞത്്. നിലമ്പൂര്‍ ഡിപ്പോയിലെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായിരുന്ന സര്‍വീസാണ് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ സര്‍വീസുകളിലൊന്നായി മാറിയത്. ഈ സര്‍വീസ് തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിതിന് പിന്നില്ലെന്ന നേരത്തെയുയര്‍ന്ന ആരോപണം ശരിവയ്ക്കും വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേരളത്തിന്റെ രണ്ട് ബസ്സുകള്‍ക്കാണ് രാത്രി ബന്ദിപ്പൂര്‍ ടൈഗര്‍ പാര്‍ക്ക് വഴി കടന്നുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ 11ന് നിലമ്പൂരില്‍ നിന്നു നാടുകാണി ചുരം വഴി- ഗുഢലൂര്‍-ഗുണ്ടല്‍പേട്ട വഴി പുറപ്പെടുന്ന നിലമ്പൂര്‍-ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് ബസ്സിനും കൂടാതെ രാത്രി 11ന്് ബംഗളൂരൂവില്‍ നിന്നു തൃശൂരിലേക്കുള്ള ഡീലക്‌സ് ബസ്സിനുമായിരുന്നു നേരത്തെ ഫോറസ്റ്റ് പാസ് ഉണ്ടായിരുന്നത്. ഇതില്‍ നിലമ്പൂര്‍ ഡിപ്പോയുടെ പാസാണ് പാല ഡിപ്പോക്ക് കൈമാറിയത്. രാത്രി പത്തിന് ബംഗളൂരുവില്‍ നിന്നു തിരിക്കുന്ന നിലമ്പൂര്‍-—ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് രാവിലെ അഞ്ചിനാണ്് നിലമ്പൂരിലെത്തിയിരുന്നത്. പുതിയ സമയപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ രാത്രി 11.45 ഓടെയാണ് ബംഗളൂരുവില്‍ നിന്നു തിരിക്കുക. ബന്ദിപ്പൂര്‍ വനാതിര്‍ത്തിയില്‍ മണിക്കൂറുകള്‍ കെട്ടികിടക്കേണ്ടിവരുന്നതിനാല്‍ രാവിലെ ഒമ്പതിനാണ് നിലവില്‍ നിലമ്പൂരിലെത്താനാവുന്നത്. പാല-ബംഗളൂരു ബസ്സിന് സുഗമപാത ഒരുക്കാനുള്ള തൃശൂര്‍ വിഭാഗത്തിന്റെ ആസൂത്രിത ശ്രമമാണ് ഇതിന് പിന്നില്ലെന്നാണ് ആരോപണം. നിലമ്പൂര്‍-ബംഗളൂരു സൂപ്പര്‍ ഡീലക്‌സിന് ഫോറസ്റ്റ് പാസ് നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ഇതിന് ചെവികൊടുത്തില്ല. ജില്ലയുടെ ജനപ്രതിനിധികളൊന്നും വിഷയത്തില്‍ ഇടപെടുന്നുമില്ല.
Next Story

RELATED STORIES

Share it