നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേജി സുധാകരനെതിരേ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിയുമായി ബന്ധപ്പെട്ട ഉപക്ഷേപത്തിനു വസ്തുതാ വിരുദ്ധമായ മറുപടി നല്‍കി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാട്ടി പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരേ എം ഉമ്മര്‍ എംഎല്‍എ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അവകാശലംഘന നോട്ടീസ് നല്‍കി.
നിലമ്പൂര്‍-നഞ്ചന്‍കോട് പാത യാഥാര്‍ഥ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ എതിരാണെന്നാണു മന്ത്രി സഭയില്‍ അറിയിച്ചത്. എന്നാല്‍ കര്‍ണാടക വനമേഖലയില്‍ പാത നിര്‍മിക്കാനുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി 2017 മാര്‍ച്ച് 17നു ബംഗളൂരുവില്‍ നടന്ന കേരള, കര്‍ണാടക സര്‍ക്കാരുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഉന്നത തല യോഗത്തില്‍ കര്‍ണാടക സര്‍ക്കാരിനുണ്ടായിരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ മെട്രോമാന്‍ ഇ ശ്രീധരന് സാധിച്ചിട്ടുണ്ട്. തുടര്‍ന്നു കര്‍ണാടക വനമേഖലയില്‍ പാതയുടെ സര്‍വേ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ നവംബര്‍ എട്ടിനു കര്‍ണാടക സര്‍ക്കാര്‍ കേരള സര്‍ക്കാരിനു കത്തു നല്‍കി.
വനമേഖലയിലൂടെ ഭൂഗര്‍ഭ പാതയാണെങ്കില്‍ വനനിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള സര്‍വേക്ക് അനുമതി നല്‍കാവുന്നതാണെന്നാണു കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഔദ്യോഗികതലത്തില്‍ ഈ വസ്തുതകളുണ്ടായിട്ടും കര്‍ണാടക സര്‍ക്കാര്‍ വനമേഖലയില്‍ റെയില്‍പ്പാതയ്ക്ക് അനുമതി നല്‍കാത്തത് കൊണ്ടാണു സര്‍വേക്ക് അനുവദിച്ച രണ്ട് കോടി ഡിഎംആര്‍സിക്ക് നല്‍കാത്തതെന്നു മന്ത്രി ബോധപൂര്‍വം സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഉമ്മര്‍ നോട്ടീസില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it