malappuram local

നിലമ്പൂര്‍ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം

നിലമ്പൂര്‍: നഗരസഭാ കൗണ്‍സിലര്‍ക്ക് വധഭീഷണിയുണ്ടെന്നാരോപിച്ച് നിലമ്പൂര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. കല്ലേമ്പാടം ഡിവിഷന്‍ കൗണ്‍സിലര്‍ സിന്ധു ആര്‍ നായര്‍ക്കാണ് വധഭീഷണിയുള്ളത്.
പത്തുദിവസത്തിനുള്ളില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചില്ലെങ്കില്‍ തീയിട്ട് കത്തിക്കുമെന്ന് നെറ്റ്‌കോള്‍ മുഖേനയാണ് ഫോണിലൂടെ വധഭീഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് സൈബര്‍ സെല്ലിനും പോലിസിനും പരാതി നല്‍കിയിരുന്നു. നാലു തവണയില്‍ കൂടുതല്‍ ഭീഷണി മുഴക്കിയുള്ള ഫോണ്‍ വിളി വന്നതായാണ് പരാതി. കഴിഞ്ഞ 27ന് ജില്ലാ പോലിസ് മേധാവിക്കും കൗണ്‍സിലര്‍ നേരിട്ട് പരാതി നല്‍കി. സംഭവത്തില്‍ നിലമ്പൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്‌ഐ ബിനു തോമസിനാണ് അന്വേഷണ ചുമതല. ഭീഷണിക്കു പിന്നില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രമുഖ നേതാവിന്റെ ബന്ധു തന്നെയായതോടെ ഒത്തുതീര്‍പ്പാക്കാനും ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. സമ്മര്‍ദം മൂലമാണ് താന്‍ നെറ്റിലൂടെ വിളിച്ചതെന്നും ചന്തക്കുന്നിലെ ഒരു വ്യക്തിക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നുവെങ്കിലും അയാള്‍ നടപ്പാക്കാത്തതുകൊണ്ടാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഭീഷണിപ്പെടുത്തിയയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോവാനും തയ്യാറാണെന്ന് കൗണ്‍സിലറും കുടുംബവും പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നാലുപേരുടെ മൊഴിയെടുത്തു. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് സിപിഎം അംഗം എന്‍ വേലുക്കുട്ടി, സിപിഐ അംഗം പി എം ബഷീര്‍, സ്വതന്ത്രാംഗം മുസ്തഫ കളത്തുംപടിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
തന്നെ നെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നും ആയുര്‍വേദ ആശുപത്രി നടത്തുന്ന അശ്വതി ഗോപിനാഥാണ് ഇതിനുപിന്നിലെന്നും സിന്ധു പറഞ്ഞു. ഇതോടെ തനിക്കും മകള്‍ക്കും സിന്ധുവിനോട് യാതൊരു വിരോധവും നിലവിലില്ലെന്നും ഈ സാഹചര്യത്തില്‍ ഭീഷണിക്ക് പിന്നില്‍ അശ്വതി ആണെന്നുള്ള ആരോപണം ശരിയല്ലെന്നും ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. സിന്ധുവിന് ഭീഷണിയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നീതി ലഭിക്കാന്‍ ഭരണസമിതി ഒപ്പമുണ്ടാവുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, ഇത് പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം അവര്‍ തള്ളി. ചെയര്‍പേഴ്‌സണ്‍ വിശദീകരണം തള്ളിയ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിലെ ഉള്‍പ്പെടെ യുഡിഎഫിലെ വനിതാ അംഗങ്ങള്‍ സ്വീകരിച്ചത്. ഒരു വനിതാ കൗണ്‍സിലര്‍ക്കുനേരെ വധഭീഷണി ഉണ്ടാവുമ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ അതിനെ ലാഘവത്തോടെ കാണുന്നത് ലജ്ജാകരമാണെന്ന് സിപിഎം വനിതാ കൗണ്‍സിലര്‍ അരുമാ ജയകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it