malappuram local

നിലമ്പൂര്‍ നഗരസഭയില്‍ തെരുവു വിളക്കുകള്‍ വൈദ്യുതി വകുപ്പ് അഴിച്ചുമാറ്റി



നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ സ്ഥാപിച്ച തെരുവു വിളക്കുകള്‍ വൈദ്യുതി വകുപ്പു ജീവനക്കാര്‍ അഴിച്ചുമാറ്റി. നിലമ്പൂര്‍ നഗരസഭാ പരിധിയിലെ ഏനാന്തി, വെള്ളിയമ്പാടം, പാത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യുതിത്തൂണുകളില്‍ സ്ഥാപിച്ച ട്യൂബ് ലൈറ്റുകളാണ് അഴിച്ചുകൊണ്ടുപോയത്. വൈദ്യുതി ബില്ല് അടയ്ക്കാത്തതും അനുമതിയില്ലാതെ വിളക്കുകള്‍ സ്ഥാപിച്ചതുമാണ് അഴിച്ചുകൊണ്ടു പോവാന്‍ കാരണമായി ജീവനക്കാര്‍ പറഞ്ഞത്. ഈ പ്രദേശങ്ങള്‍ കരുളായി വൈദ്യുതി സെക്്ഷനു കീഴിലാണ്. പ്രദേശത്തെ ആളുകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടാണ് ഈ സ്ഥലങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചത്. ഓരോ വാര്‍ഡിലേക്കും 25 തെരുവു വിളക്കുകളാണ് നഗരസഭ അനുവദിച്ചിരുന്നത്. ഈ വിളക്കുകള്‍ സ്ഥാപിക്കാന്‍ നഗരസഭ അപേക്ഷ നല്‍കുകയോ പണമടക്കുകയോ ചെയ്തിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഫ്യൂസ് ഉപയോഗിക്കാതെ സെന്‍സറുകള്‍ ഉപയോഗിച്ചാണ് ട്യൂബുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതിനാല്‍ മേഘം മൂടുമ്പോഴും മറ്റും വിളക്കുകള്‍ പ്രകാശിക്കും. മാത്രമല്ല, വിളക്കുകള്‍ സ്ഥാപിക്കാന്‍ ചുമതലയേറ്റ ഏജന്‍സി അത് ശരിയായ രീതിയിലല്ല സ്ഥാപിച്ചത് എന്നതിനാല്‍ പലപ്പോഴും തൂണില്‍ കയറുന്ന ജീവനക്കാര്‍ക്ക് വൈദ്യുതി ഷോക്ക് ഏറ്റിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കെഎസ്ഇബി ഓഫിസില്‍ ഇത് റിപോര്‍ട്ട് ചെയ്തത്. കെഎസ്ഇബി രണ്ടാഴ്ച മുന്‍പ് ഇത് നിയമാനുസൃതമാക്കാന്‍ നഗരസഭയ്ക്ക് റജിസ്‌റ്റേര്‍ഡ് പോസ്റ്റില്‍ കത്തെഴുതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനുള്ള മറുപടിയോ നിയമാനുസൃതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. തുടര്‍ന്ന് കരുളായി വൈദ്യതി സെക്്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റാന്‍ തുടങ്ങിയത്. വിളക്കുകള്‍ പകലും കത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയും വകുപ്പിന് ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it