നിലമ്പൂര്‍ തേക്കിന് ഭൗമസൂചിക

നിലമ്പൂര്‍: ചരിത്രത്തില്‍ ആദ്യമായി ഒരു വനവൃക്ഷത്തിന് നിലമ്പൂര്‍ തേക്കിലൂടെ ഭൗമസൂചിക ലഭിച്ചു. നിലമ്പൂര്‍ തേക്ക് ഹെറിറ്റേജ് സൊസൈറ്റി എന്ന സംഘടനയ്ക്കാണ് ജിഐ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ തേക്കിന്റെ സാധ്യതകളെ പരിപോഷിപ്പിക്കുന്നതിനും കാര്‍ഷികാടിസ്ഥാനത്തില്‍ നിലമ്പൂര്‍ തേക്ക് കൃഷിചെയ്യുന്നതിനും ഭൗമസൂചിക ലഭിച്ചത് സഹായകരമാവുമെന്നും അവര്‍ പറഞ്ഞു. ഇതോടെ നിലമ്പൂര്‍ തേക്കിന് സൊസൈറ്റിയുടെ മുദ്ര ആവശ്യമായി വരും. വനംവകുപ്പിന്റെ ഡിപ്പോകളില്‍ കച്ചവടം നടത്തുന്ന തേക്കുകള്‍ക്കുപോലും ഈ മുദ്ര നിര്‍ബന്ധമാവും. നിലമ്പൂര്‍ തേക്കുകള്‍ക്ക് നിലവില്‍ വനം തേക്ക്, നാടന്‍ തേക്ക് എന്ന് ഇനം തിരിച്ച് രണ്ടു വിലകളാണ് വ്യാപാരികള്‍ നിര്‍ണയിക്കുന്നത്. ഇതിനാല്‍ തന്നെ നാടന്‍ തേക്കുകള്‍ക്ക് കുറഞ്ഞ വിലയാണ് കച്ചവടക്കാര്‍ നല്‍കുന്നത്. ഇതും ഒരു പരിധിവരെ മറികടക്കാന്‍ ഭൗമസൂചിക ലഭിച്ചതുമൂലം സാധിക്കും. കേരള സര്‍വകലാശാലയിലെ വനം കോളജിന്റെയും ഐപിആര്‍ യൂനിറ്റിന്റെയും ശക്തമായ പിന്‍ബലമാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്നു ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി തേക്ക് വാണിജ്യാടിസ്ഥാനത്തില്‍ ബ്രിട്ടിഷുകാര്‍ നട്ടുപിടിപ്പിച്ചത് നിലമ്പൂരിലാണ്. കാലാവസ്ഥയുടെയും മണ്ണിന്റെയും ഘടന പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷുകാര്‍ തേക്ക് നട്ടത്. ഇതേ പാത പിന്‍തുടര്‍ന്നാണ് വനംവകുപ്പും പുതിയ പ്ലാന്റേഷനുകള്‍ ആരംഭിച്ചത്.  നിലമ്പൂര്‍ തേക്കിന് ഭൗമസൂചിക ലഭിച്ചതോടെ നേട്ടങ്ങള്‍ക്കൊപ്പം ചില കോട്ടങ്ങളും ഉണ്ടാവും. എന്നാല്‍, എല്ലാം പരിശോധിച്ചശേഷം ഗുണകരമായ രീതിയിലായിരിക്കും ഇതു നടപ്പാക്കുകയെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഡോ. ആര്‍ അടലരശന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it