Flash News

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: സുപ്രിംകോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും പോലിസ് ധിക്കരിക്കുന്നുവെന്ന്

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: സുപ്രിംകോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും പോലിസ് ധിക്കരിക്കുന്നുവെന്ന്
X


തിരുവനന്തപുരം: പോലിസ് വെടിവയ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലിസ് മേധാവിക്കു വേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് കമ്മീഷനെ അവഗണിക്കുന്നതും സുപ്രിംകോടതി നിര്‍ദേശങ്ങളെ ധിക്കരിക്കുന്നതുമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.തങ്ങളുടെ അധികാരപരിധിയിലെ ഏറ്റുമുട്ടല്‍ സംഭവങ്ങളെ കുറിച്ച് സംസ്ഥാന പോലിസ് മേധാവിമാര്‍ എല്ലാ വര്‍ഷവും ജനുവരി 15നും ജൂലൈ 15നും ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കേണ്ട അര്‍ധവാര്‍ഷിക റിപോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചു. റിപോര്‍ട്ട് അയച്ചിട്ടുണ്ടെങ്കില്‍ 2017 ജനുവരിയില്‍ നല്‍കിയതിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ മരണങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സുപ്രിംകോടതി 2014ല്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ മലപ്പുറം ജില്ലാ പോലിസ് മേധാവി ഹാജരാക്കിയ റിപോര്‍ട്ടില്‍ ദേശീയ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബാധകമല്ലെന്നാണു മറുപടി നല്‍കിയത്. ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സംസ്ഥാന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും റിപോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാന പോലിസ് മേധാവിക്കുവേണ്ടി മെയ് 16ന് സംസ്ഥാന കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും അയക്കുന്നതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും എഫ്‌ഐആറിന്റെ പകര്‍പ്പ് അയച്ചിട്ടില്ല. പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഉത്തരവു ലഭിച്ച് മൂന്നാഴ്ചയ്ക്കകം ഏറ്റുമുട്ടലില്‍ പോലിസ് ദൗത്യസേനയെ നയിച്ച പ്രധാന ഉദ്യോഗസ്ഥരുടെ വിവരവും എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകളും കമ്മീഷന്റെ നിര്‍ദേശാനുസരണം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടും കമ്മീഷന്‍ ആസ്ഥാനത്ത് എത്തിക്കണം. സംസ്ഥാന പോലിസ് മേധാവി നേരിട്ട് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ കേസിലാണ് നടപടി. കേസ് ഈമാസം 23ന് തിരുവനന്തപുരം ക്യാംപ് കോടതിയില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it