malappuram local

നിലമ്പൂര്‍ എസ്‌ഐക്കെതിരേ നടപടിയെടുക്കാന്‍ ശുപാര്‍ശ

മലപ്പുറം: നിലമ്പൂര്‍ എസ്‌ഐ സുനില്‍ പുളിക്കലിനെതിരേ ശിക്ഷാ നടപടി സ്വീകരിക്കാന്‍ മലപ്പുറം പോലിസ് കംപ്ലൈന്റ് അതോറിറ്റി പോലിസ് മേധാവിക്ക് ശുപാര്‍ശ നല്‍കി. സാധാരണ പോലിസുകാര്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ച്ചകളും കുറ്റങ്ങളും അന്വേഷണം നടത്തി ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന അതോറിറ്റിയാണ് വിചാരണയ്ക്ക് ശേഷം എസ്‌ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. റിട്ട. ജില്ലാ ജഡ്ജി ചെയര്‍മാനും കലക്ടര്‍, എസ്പി എന്നിവര്‍ അംഗങ്ങളുമായ കംപ്ലൈയിന്‍സ് അതോറിറ്റി നിലമ്പൂരിലെ ഡോ. കെ ആര്‍ വാസുദേവന്റെ പരാതിയിലാണ് വിചാരണയ്ക്ക് ശേഷം നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഡോക്ടറുടെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ പെയിന്റ് പണി കോണ്‍ട്രാക്ട് എടുത്ത ഉസ്മാന്‍ എന്നയാള്‍ ഏതാനും ദിവസങ്ങള്‍ക്കകം പണി ഉപേക്ഷിച്ചു പോവുകയും പിന്നീട് ഗുണ്ടകളുമായി വന്ന് വീട്ടില്‍ അത്രിക്രമിച്ച് കടന്ന് സിസി ടിവി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിച്ച് ഗുഡ്‌സ് ഓട്ടോയില്‍ കടത്തിക്കൊണ്ടുപോവുകയുമായിരുന്നു. ഈ സമയം ആശുപത്രിയില്‍ ചികില്‍സ നടത്തിയിരുന്ന ഡോക്ടര്‍ എസ്‌ഐയെ ഫോണില്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യമായ നടപടി സ്വീകരിക്കാന്‍ എസ്‌ഐ തയ്യാറായില്ല. പിറ്റേന്ന് പരാതി എഴുതി നല്‍കിയപ്പോള്‍ പരാതിക്ക് കൊടുത്ത രശീത് തിരിച്ചു വാങ്ങുകയും അന്വേഷണം നടത്താതിരിക്കുകയും ചെയ്തു.
ഇക്കാര്യം കാണിച്ച് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയപ്പോള്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടും എസ്‌ഐ സുനില്‍ പുളിക്കല്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഡോ. വാസുദേവന്‍ ലീഗല്‍ കംപ്ലൈന്റ് സെല്‍ അതോറിറ്റിയെ സമീപിച്ചത്. ഡോക്ടര്‍ പറഞ്ഞ പരാതിപ്രകാരം ഉടന്‍ തന്നെ രണ്ടു പോലിസുകാരെ വീട്ടിലേക്ക് അയച്ചുവെന്നും കരാറുകാരന്‍ ഉസ്മാനോട് സാധനങ്ങള്‍ എല്ലാമെടുത്ത് പോലിസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടെന്നും എസ്‌ഐ അതോറിറ്റിക്ക് മുമ്പാകെ അറിയിച്ചു. ഇക്കാര്യത്തില്‍ ഉസ്മാന്റെ ഭാഗത്തു നിന്ന് തെറ്റില്ലെന്ന് ബോധ്യപ്പെട്ട് വിട്ടയയ്ക്കുകയായിരുന്നെന്നാണ് എസ്‌ഐയുടെ മൊഴി. പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി നാട്ടിലെ നിയമവ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അതോറിറ്റി വിലയിരുത്തി. പോലിസുകാരുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും എസ്‌ഐ പറഞ്ഞപോലെ അന്വേഷണമുണ്ടായില്ലെന്നും ലീഗല്‍ അതോറിറ്റിക്ക് ബോധ്യപ്പെട്ടു. തന്നെ ഏകപക്ഷീയമായി കരാറില്‍ നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് പെയിന്റിങ് കരാറുകാരന്‍ ഉസ്മാന്‍ നല്‍കകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഡോക്ടര്‍ വാസുദേവന്‍ കരാര്‍ ലംഘനം നടത്തിയെന്നും കൂലി നല്‍കിയില്ലെന്നും കണ്ടെത്തിയതായി എസ്‌ഐ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് പോലിസ് നല്‍കിയ എല്ലാ റിപോര്‍ട്ടുകളും അവാസ്തവമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് കംപ്ലൈന്റ് സെല്‍ അതോറിറ്റി അവ തള്ളുകയായിരുന്നു.
മൂന്നു മാസത്തിനകം നിലമ്പൂര്‍ എസ്‌ഐ സുനില്‍ പുളിക്കലിനെതിരേ ശിക്ഷാ നടപടി സ്വീകരിച്ച് വിവരം കംപ്ലൈന്റ് സെല്ലിനെ അറിയിക്കാനും ഉത്തരവിട്ടു.
Next Story

RELATED STORIES

Share it