malappuram local

നിലമ്പൂരില്‍ അട്ടിമറി; ആര്യാടന്റെ പരാജയത്തിന് കാരണങ്ങള്‍ അനവധി

എടക്കര: നിലമ്പൂരിന്റെ മണ്ണില്‍ ഇടതിന് ചരിത്രവിജയം. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ വന്‍ ഭൂരിപക്ഷത്തിന് വിജയം കൈവരിച്ചു. 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂരിന്റെ മണ്ണ് ഇടത്പക്ഷത്തെ വീണ്ടും തുണച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥിയും ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ഷൗക്കത്തിനെ 11,504 വോട്ടുകള്‍ക്കാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. 77,858വോട്ടുകളാണ് പി വി അന്‍വര്‍ നേടിയത്. ആര്യാടന്‍ ഷൗക്കത്ത് 66,354 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍ഥി ഗിരീഷ് മേക്കാട്ട് 12,284 വോട്ടും എസ്ഡിപിഐ സ്ഥാനാര്‍ഥി ബാബുമണി 4,751വോട്ടുകളും നേടി. 1,256 വോട്ട് നോട്ടയ്ക്കും ലഭിച്ചു. 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ 5,598വോട്ടുകള്‍ക്കാണ് ആര്യാടന്‍ മുഹമ്മദ് വജയിച്ചത്. ഇക്കുറി ആര്യാടന്‍ ഷൗക്കത്തിന്റെ പരാജയത്തിന് കാരണങ്ങളേറെയാണ്. മേഖലയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിനെ വിജയത്തിലെത്തിക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അടുത്തിടെ മരുത പള്ളിയില്‍ കുടിലിങ്കല്‍ എബിന്‍ തോമസ് എന്ന കുട്ടിയുടെ മൃതദേഹം ശുശ്രൂഷകള്‍ക്ക് വയ്ക്കുന്നത് സംബന്ധിച്ചുണ്ടായ പ്രശ്‌നത്തിലും മാമാങ്കരയില്‍ യുവ കര്‍ഷകന്‍ കോയിക്കര മാത്യു മൃഗവേട്ട സംഘമൊരുക്കിയ അനധികൃത വൈദ്യുത വേലിയില്‍ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തിലും ആര്യാടന്‍ മുഹമ്മദ് സ്വീകരിച്ച നിഷേധാത്മക നിലപാട് ക്രൈസ്തവ സമൂഹത്തെയും പൊതുജനങ്ങളെയും ഏറെ വേദനിപ്പിച്ചിരുന്നു. മന്ത്രിയുടെ നിഷേധ നിലപാടിനെതിരേ ക്രിസ്തീയ സംഘടനകള്‍ രംഗത്തുവരികയും ചെയ്തിരുന്നു.
ഇതിന് പുറമെ മക്കള്‍ രാഷ്ട്രീയവും കുടുംബവാഴ്ചയും കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും ഒരുവിഭാഗം പ്രവര്‍ത്തകരെയും മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.ഇവയ്‌ക്കെല്ലാം പുറമെ ഒരു വിഭാഗം സുന്നി സുന്നി വോട്ടുകളും,വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകളും അന്‍വറിന് ലഭിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it