palakkad local

നിലമൊരുക്കല്‍ തുടങ്ങിയിട്ടും ജലവിതരണത്തില്‍ വ്യക്തതയില്ല

ചിറ്റൂര്‍: ചിറ്റൂര്‍പ്പുഴ പദ്ധതി ആയക്കെട്ട് പ്രദേശത്ത് രണ്ടാംവിളയൊരുക്കം തുടങ്ങിയ പശ്ചാത്തലത്തില്‍ ജലവിതരണം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കൃഷിയിറക്കാനായി നിലമൊരുക്കല്‍ നടക്കുകയാണ്. ജലം ഉറപ്പാക്കിയാലേ ഏത് വിത്തിറക്കണമെന്ന് തീരുമാനിക്കാനാവൂ.
ഓലകരിച്ചിലും മഴക്കെടുതിയും കൊണ്ടുണ്ടായ ഒന്നാംവിളയിലെ നഷ്ടം മറികടക്കണമെങ്കില്‍ രണ്ടാംവിളയ്ക്ക് മൂപ്പ് കൂടിയ വിത്തിറക്കണം. തമിഴ്‌നാട്ടില്‍നിന്നടക്കം മൂപ്പ് കൂടിയ പൊന്മണി വിത്ത് വാങ്ങിച്ചിട്ടുണ്ട്. കൃഷി ഭവനില്‍നിന്ന് ജ്യോതിക്ക് പുറമെ മൂപ്പ് കൂടിയ ഉമ വിത്തും ലഭിച്ചിട്ടുണ്ട്. ഇതിന് നാല് മാസത്തിലധികം വെള്ളം വേണം.
കൃഷിയിറക്കിയശേഷം വെള്ളമെത്തിയില്ലെങ്കില്‍ രണ്ടാംവിളയും നഷ്ടമാകും. രണ്ടാംവിളയ്ക്കുള്ള ജലകലണ്ടര്‍ തയ്യാറാക്കി ഓരോ പാടശേഖരസമിതിയെയും അറിയിക്കണമെന്നും രണ്ടാംവിളക്കൊയ്ത്ത് വരെ കൃത്യമായി വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകരായ കന്നിമാരി ബിജു, ആലുങ്കാട് രാജന്‍, പള്ളത്താംപുള്ളി ആര്‍ ഗോപി എന്നിവര്‍ ആവശ്യപ്പെട്ടു.
മൂലത്തറ റെഗുലേറ്റര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഒന്നാംവിളക്കാലത്ത് ഇടതുകനാലിലേക്ക് വെള്ളം വിട്ടിരുന്നില്ല. ഇതുകാരണം കനാല്‍ പ്രദേശത്ത് ഏക്കര്‍കണക്കിന് കൃഷി ഉണങ്ങിയിരുന്നു.

Next Story

RELATED STORIES

Share it