thrissur local

നിലപാട് സ്വീകരിക്കാന്‍ പുലയ സമുദായംഗങ്ങളുടെ രഹസ്യയോഗം 10ന്

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനായി കെപിഎംഎസുമായി ആശയപരമായി വിയോജിപ്പുള്ള കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പുലയ സമുദായംഗങ്ങളുടെ പ്രത്യേക യോഗം 10ന് തൃശൂരില്‍ നടക്കും. നാട്ടിക നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ പി എം എസ് വിഘടിത വിഭാഗം നേതാവ് ടി വി ബാബു മല്‍സരിക്കുന്നതിനാല്‍ ഇദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം യോഗം നിര്‍ണായകമായിരിക്കും.
എന്നാല്‍ യോഗം ഡോ. അംബേദ്കറുടെ ജയന്തി ആഘോഷത്തിന്റെ ഭാഗം മാത്രമാണെന്നാണ് സംഘാടകരുടെ വിശദീകരണം.
അംബേദ്കറുടെ ജന്മദിനം ലോക വിജ്ഞാനദിനമായി ലോകമെങ്ങും ആചരിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് അവര്‍ പറയുന്നത്.
മാത്രമല്ല, കെപിഎംഎസില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവരുണ്ട്. അതിനാല്‍ ഏതെങ്കിലും മുന്നണിക്കോ പാര്‍ട്ടി വോട്ട് ചെയ്യണമെന്ന് സമുദായംഗങ്ങളോട് ആവശ്യപ്പെടാനും കഴിയില്ല. ജില്ലയിലെ മറ്റു പട്ടികജാതി, പട്ടിക വര്‍ഗ സമുദായങ്ങളുടെ കൂടി ഐക്യത്തോടെ അംബേദ്കര്‍ ദിനാചരണം വിവിധ മേഖലകളില്‍ നടത്തും.
കൂടാതെ സംവരണാവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിനും പ്രചാരണത്തിനും സംവരണ സമുദായങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ചേര്‍പ്പ്, വല്ലച്ചിറ, ആലപ്പാട്, ചാഴൂര്‍, കുറുമ്പിലാവ്, അവിണിശേരി, നാട്ടിക, തളിക്കുളം, ചാവക്കാട്, വെങ്കിടങ്ങ്, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍, കരുവന്നൂര്‍, ചാലക്കുടി, മാള എന്നിവിടങ്ങളില്‍ നിന്നായി അമ്പതോളം പ്രധാന പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it