Districts

നിലപാട് കടുപ്പിച്ച് ഘടകകക്ഷികള്‍

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ യുഡിഎഫിലെ കക്ഷികള്‍ നിലപാട് കടുപ്പിക്കുന്നു. ആര്‍എസ്പിയും ജെഡിയുവുമാണ് മുന്നണിയുടെയും മാണിയുടെയും നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ദയനീയ പരാജയം നേരിടേണ്ടിവന്ന പശ്ചാത്തലത്തിലാണ് പരസ്യപ്രതികരണവുമായി കക്ഷികള്‍ രംഗത്തെത്തിയത്. ബാര്‍ കോഴ സംബന്ധിച്ച ഹൈക്കോടതി വിധി വരുന്നതിനു തൊട്ടുമുമ്പായിരുന്നു നേതാക്കളുടെ പ്രതികരണം.
അതേസമയം, ബാര്‍ കോഴയില്‍ ഹൈക്കോടതിയില്‍ നിന്ന് മാണിക്കെതിരേ രൂക്ഷവിമര്‍ശനമുണ്ടായ പശ്ചാത്തലത്തില്‍ ഘടകകക്ഷികളുടെ നിലപാട് നിര്‍ണായകമാവുകയാണ്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങളിലൊന്ന് ബാര്‍ കോഴയാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉചിതമായ തീരുമാനം മാണി എടുക്കേണ്ടിയിരുന്നു. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ തിരിച്ചുവരാനും അവസരമുണ്ടായിരുന്നു.
മുന്നണിമര്യാദ കണക്കിലെടുത്താണ് ഇതുവരെ മിണ്ടാതിരുന്നത്. പ്രതിപക്ഷത്തിന്റെ പ്രചാരണവിഷയങ്ങളിലൊന്ന് ബാര്‍ കോഴയായിരുന്നു. എന്നാല്‍, ബാര്‍ കോഴ കത്തിനിന്ന അരുവിക്കരയില്‍ ഈ വിഷയം ബാധിച്ചിരുന്നില്ല. കെ എം മാണിയുടെ കാര്യം തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. കെ എം മാണി എന്തൊക്കെ പറഞ്ഞാലും ജനത്തിനു പ്രതിഷേധമുണ്ട്. പാലായില്‍ ജയിച്ചതുകൊണ്ട് ബാര്‍ കോഴ വിഷയം തിരഞ്ഞെടുപ്പു തോല്‍വിക്ക് കാരണമായില്ലെന്ന മാണിയുടെ നിലപാട് ശരിയല്ല. പാലായിലല്ല, കേരളത്തില്‍ മുഴുവനാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇക്കാര്യങ്ങള്‍ യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കുമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, എ എ അസീസിന്റെ നിലപാട് തള്ളി മന്ത്രി ഷിബു ബേബിജോണ്‍ രംഗത്തെത്തി. ബാര്‍ കോഴക്കേസ് പരാജയ കാരണമായിട്ടില്ല. ആരും പരസ്യമായ വിഴുപ്പലക്കലിനു നില്‍ക്കരുത്. പരാജയത്തെക്കുറിച്ച് പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നുമായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
ബാര്‍ കോഴ അടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസ് തിരഞ്ഞെടുപ്പു പരാജയത്തിന് ഒരു കാരണമായെന്നും പാലായിലെ ജയം ചൂണ്ടിക്കാട്ടി ഇതിനെ നേരിടാനാവില്ലെന്നുമാണ് ജനതാദള്‍-യു നിലപാട്. ഇത്തരത്തില്‍ പോയാല്‍ ശരിയാവില്ലെന്നും ഇത് യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും പാര്‍ട്ടി നേതാവ് ഷേക്ക് പി ഹാരിസ് അഭിപ്രായപ്പെട്ടു. പരസ്യമായി പറയുന്നില്ലെങ്കിലും മാണിയെ സംരക്ഷിക്കുന്നതില്‍ ലീഗിനും കടുത്ത അതൃപ്തിയാണുള്ളത്. അതേസമയം, കെ എം മാണിയെ യുഡിഎഫ് അമിതമായി സംരക്ഷിക്കുന്നില്ലെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്റെ നിലപാട്.
Next Story

RELATED STORIES

Share it