Flash News

നിലപാട് ആവര്‍ത്തിച്ച് സിപിഐ : മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖം: ബിനോയ് വിശ്വം

നിലപാട് ആവര്‍ത്തിച്ച് സിപിഐ : മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖം: ബിനോയ് വിശ്വം
X


കൊല്ലം: കെ എം മാണിക്കെതിരായ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഐ. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.
കൊല്ലത്ത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബിനോയ് വിശ്വം  നിലപാട് വ്യക്തമാക്കിയത്.
എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനം. മാണിയുടെ ചിന്താഗതി യുഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേര്‍ന്നതാണ്. അതിനാല്‍ തന്നെ മാണിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മാണിയുടെ അഴിമതി രാഷ്ട്രീയം എല്‍ഡിഎഫ് പലവട്ടം തുറന്നുകാട്ടിയിട്ടുണ്ട്. സിപിഐയും സിപിഎമ്മും ഇക്കാര്യം ചെയ്തിട്ടുണ്ട്. ഇതെല്ലാം മറന്ന് ഒരു സുപ്രഭാതത്തില്‍ മാണിയെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാന്‍ കഴിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം പറയുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ ഇത് ആവശ്യമാണെന്നാണ് സിപിഐയുടെ നിലപാട്. പിന്നെ എന്തുകൊണ്ടാണ് കേരള കോണ്‍ഗ്രസ്എമ്മിനെ സഹകരിപ്പിക്കാത്തത് എന്ന ചോദ്യത്തിനാണ് മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്. കെ എം മാണിയുമായി സഹകരിക്കുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it