നിലപാട് അമേരിക്കയില്‍ പോയി പഠിച്ചതുകൊണ്ട്

കൊച്ചി: അമേരിക്കയിലൊക്കെ പോയി പഠിച്ചത് കൊണ്ടായിരിക്കും ഷീന ഷുക്കൂര്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെ അനുകൂലിച്ചതെന്ന് വനിതാ ലീഗ് ഭാരവാഹികള്‍. വനിതാലീഗ് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദും പ്രസിഡന്റ് ഖമറുന്നിസ അന്‍വറും എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നതിനോട് താന്‍ യോജിക്കുന്നുവെന്ന എംജി യൂനിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഈ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ അഭിപ്രായം തന്നെയാണ് തങ്ങള്‍ക്കുള്ളത്. കേരളത്തിന് ഒരു സംസ്‌കാരമുണ്ട്. അതനുസരിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ശരിയല്ല. ചെറുപ്രായത്തില്‍ അങ്ങനെ ഇടകലര്‍ന്ന് കുട്ടികള്‍ ഇരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അപ്പര്‍ പ്രൈമറി ക്ലാസുകള്‍ മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ ഇരുന്നു പഠിക്കുന്ന വിദ്യാഭ്യാസ രീതിയാണ് നമ്മുടെ നാട്ടില്‍ തുടരുന്നത്. അതിന് മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്നും വനിതാ ലീഗ് നേതാക്കള്‍ പറഞ്ഞു.
കണ്ണൂരില്‍ എസ്ഡിപിഐ വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച ലീഗ് പ്രവര്‍ത്തകരുടെ നടപടി അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രവര്‍ത്തകരല്ല ഏത് വലിയ നേതാവാണെങ്കില്‍ പോലും സ്ത്രീകളെ അപമാനിക്കുന്നതിന് എതിരാണ് തങ്ങളെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ കുറ്റം ചെയ്തവര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. തെറ്റ് ആര് ചെയ്താലും അതിന് ശിക്ഷ അനുഭവിക്കണമെന്നും വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വര്‍ പറഞ്ഞു. വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവത്തില്‍ വനിതാ നേതാക്കളുടെ ഭാഗത്തുനിന്നും ആദ്യമായാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ തുടര്‍ന്ന് പ്രതികരണമുണ്ടായത്.
Next Story

RELATED STORIES

Share it