Flash News

നിലപാടുകളില്‍ വിട്ടു വീഴ്ചയില്ലാതെ വിജയന്‍

കമ്മ്യൂണിസ്റ്റ് ധര്‍മ്മം കാക്കാന്‍ ധര്‍മ്മടത്ത് മിന്നല്‍പിണറായി വിജയന്‍ പെയ്തിറങ്ങിയപ്പോഴേ കേരളം ഉറപ്പിച്ചു, ഈ അങ്കം വെറുമൊരു സമാജികനാവാനല്ല, മറിച്ച ഭരണചക്രം തിരിക്കാന്‍ തന്നെയാണെന്ന്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അഥവാ സിപിഎമ്മിന്റെ തല മുതിര്‍ന്ന നേതാവ് ആര് എന്നു ചോദിച്ചാല്‍ അച്യുതാന്ദന്‍  എന്നു എല്ലാവരും പറയും. പക്ഷേ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയില്‍  പാര്‍ട്ടി ചട്ടങ്ങളും വ്യവസ്ഥകളും കൃത്യമായി വിട്ടു വീഴ്ചയില്ലാതെ നടപ്പാക്കുന്നത് ആര് എന്നു ചോദിച്ചാല്‍ അതിനുത്തരം പറയാന്‍ കണ്ണൂര്‍ ജില്ലയിലെ പിണറായിലേക്കു നോക്കേണ്ടി വരും.
പലപ്പോഴും  ആക്ടീവിസ്റ്റുകളും പൊതു സമൂഹവും  ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കനുസരിച്ച് ജനകീയതക്കു വേണ്ടി വി.എസ് അച്യുതാന്ദന്‍ തന്റെ നിലപാടുകള്‍ മാറ്റുന്നതായി നമുക്കു തോന്നിയേക്കാം. എന്നാല്‍  പിണറായി വിജയന്‍ എന്ന മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവിലെ പോളിറ്റ് ബ്യൂറോ മെമ്പറുമായ നേതാവിനെക്കുറിച്ച് അങ്ങനെയൊരു പ്രതീക്ഷ പാര്‍ട്ടിക്കാര്‍ക്കോ പുറത്തുളളവര്‍ക്കോ ആവശ്യമില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയം ഇന്നതാണെന്നു പിണറായി പ്രഖ്യാപിച്ചാല്‍ പിന്നെ അതു തന്നെയാണ് നയം.
അതിന്റെ പേരില്‍ കര്‍ക്കശക്കാരനെന്നോ പരുക്കനെന്നോ വിളിക്കപ്പെട്ടാല്‍ തീയില്‍ കരുത്ത വിപ്ലവനായകനു അശ്ഷം കൂസലില്ല.അതിന്റെ പേരില്‍ പൊതു സമൂഹത്തില്‍ താന്‍ എങ്ങനെ വിലയിരുത്തപ്പെടുമെന്നതു പിണറായി എന്ന കമ്മ്യൂണിസ്റ്റുകാരനു പ്രശ്‌നമേയല്ല.
പാര്‍ട്ടി വിട്ട് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവന്‍ കുലം കുത്തിയാണെന്ന കാര്യത്തിലും വിജയനു യാതൊരു സംശയവും അവശേഷിക്കുന്നില്ല.
ഒരു സഖാവ് അയാള്‍ എത്ര മുതിര്‍ന്നയാളാണെങ്കിലും അദ്ദേഹം വിരുദ്ധ മാനസികാവസ്ഥയിലേക്ക് എത്തിയിരിക്കുന്നുവെന്ന് പാര്‍ട്ടി പ്രമേയം പാസാക്കിയാല്‍ തിരഞ്ഞെടുപ്പു കാലമാണെന്നു കരുതി അതു മറച്ചു വെക്കാന്‍ പിണറായിയെ കിട്ടില്ല. അങ്ങനെ പാര്‍ട്ടിയുടെ ധര്‍മ്മങ്ങള്‍ കൃത്യമായും കണിശമായും നടപ്പാക്കാന്‍ കെല്‍പ്പുളള പടത്തലവനെ അല്ലാതെ മറ്റാരെയാണ് പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ നിര്‍ത്തുക. കേരളത്തിലെ കമ്മ്യൂണിസ്റ്റ് കോട്ടയായാണ് കണ്ണൂര്‍ ജില്ല അറിയപ്പെടുന്നത്. ആ കോട്ടയിലെ ഏറ്റവും സുരക്ഷിതമായ അകത്തേ കൊത്തളമായി ധര്‍മ്മടത്തെ വിശേഷിപ്പിക്കാം.
പ്രേത ബാധ സംശയിക്കപ്പെടുന്ന ഭൂമിയിലൂടെ രാത്രി സഞ്ചരിക്കുന്നതു പോലെ മാത്രം അന്യ പാര്‍ട്ടിക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കുന്ന സ്ഥലമെന്നു പാര്‍ട്ടി ശത്രുക്കള്‍ പറഞ്ഞു പരത്തുന്ന ചുവപ്പു കോട്ട. അതു കൊണ്ടു തന്നെ വിജയത്തെപ്പറ്റി വിജയനോ പാര്‍ട്ടിക്കോ അശേഷം പരിഭ്രാന്തിയില്ലായിരുന്നു.
പാര്‍ട്ടിയുടെ അമരക്കാരനായി മൂന്നാമൂഴം പൂര്‍ത്തിയാക്കി പിണറായി പാര്‍ലമെന്ററി  രംഗത്തേക്കു വരുമ്പോള്‍ അതു വെറും മന്ത്രിപ്പണിയെടുക്കാനല്ലെന്നു ഏതു കുഞ്ഞു കുട്ടിക്കുമറിയാമറിയാമായിരുന്നല്ലോ. പാര്‍ട്ടിയുടെ സാധാരണ കീഴവഴക്കങ്ങള്‍ മാറ്റിവെച്ച് സംസ്ഥാന സെക്രട്ടറിക്കു പകരം പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ പെട്ട വിജയന്‍ തന്നെ സംസ്ഥാന പര്യടനത്തിനു നേതൃത്വം നല്‍കി. അതു ഇത്തവണ പാര്‍ട്ടി മന്ത്രി സഭയെ ആരു നയിക്കുമെന്നതിന്റെ സൂചനയാണെന്നു മനസ്സിലാക്കാന്‍ അരിയാഹാരം തന്നെ കഴിക്കണമെന്നില്ല.പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നിലപാടുകളിലെ കണിശത ഗൗരവക്കാരനെന്ന ഒരു ഇമേജ് ഉണ്ടാക്കിയിട്ടുണ്ടെന്നത് നേരാണ്. എന്നാല്‍ പുതിയ പദവികള്‍ക്ക് അത്തരമൊരു ഇമേജ് തടസമാണെന്നു മനസ്സിലാക്കി ആ ഇമേജ് മാറ്റിയെടുക്കാനുളള ശ്രമത്തിലാണിപ്പോള്‍. അതാണ് സഖാവ്. പാര്‍ട്ടിക്ക് ഓരോ ഘട്ടത്തിലും എന്താണോ ആവശ്യം അതായിരിക്കും സഖാവ്.
പാര്‍ട്ടി സെക്രട്ടറിയാവുന്നതിനു മുമ്പ് വൈദ്യുതി മന്തിയായിരുന്ന വേളയില്‍ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി നടത്തിയ കരാറിന്റെ പേരില്‍ വര്‍ഷങ്ങളായി വേട്ടയാടപ്പെടുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാരിനെ നയിക്കേണ്ട പിണറായിക്ക് ഊഴം നഷ്ടപ്പെട്ടതും ലാവ്‌ലിന്റെ പേരില്‍ തന്നെ. പക്ഷേ എല്ലാറ്റിനെയും അതിജീവിച്ച് കരാര്‍ വഴി വിജയന്‍ വ്യക്തിപരമായ സാമ്പത്തിക ലാഭമുണ്ടാക്കിയില്ലെന്ന കോടതി വിധിയുമായാണ് ഇത്തവണത്തെ നില്‍പ്. ഇനി കാരണവരായിട്ട് കുഴപ്പമുണ്ടാക്കാതിരുന്നാല്‍ മതി.  ഏതായാലും എല്‍ഡിഎഫ് മന്ത്രി സഭയെ നയിക്കാന്‍ പിണറായി വരുമ്പോള്‍ കുത്തഴിഞ്ഞ രാഷ്ട്രീയവും കുത്തുപാളയെടുത്ത സമ്പദ്് രംഗവും നേരെയാക്കാന്‍ തന്റെ അനുപമായ ആജ്ഞാശക്തിയും കര്‍മകുശലതയും പ്രയോജനം ചെയ്യുമെന്നു പ്രതീക്ഷിക്കാം. ആശംസിക്കാം.
Next Story

RELATED STORIES

Share it