നിലനിര്‍ത്താന്‍ യുഡിഎഫ്; പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ്

പി എം അഹ്മദ്

തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ എക്കാലവും കോട്ടയം യുഡിഎഫിനൊപ്പമാണ്. പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് സഹകരണം തന്നെയാണ് ഇതിന് പ്രധാന കാരണം. 2006ലെ എല്‍ഡിഎഫിന്റെ മിന്നും വിജയത്തിലും കോട്ട ഇളകാതെ യുഡിഎഫ് മികച്ച വിജയം നേടി. എന്നാല്‍ വളര്‍ച്ചയേക്കാള്‍ പിളര്‍പ്പിന്റെ ചരിത്രമുള്ള കേരളാ കോണ്‍ഗ്രസ്സും റബര്‍ പ്രതിസന്ധിയും യുഡിഎഫ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയിലാണ് ഇക്കുറി. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ യുഡിഎഫ് ക്യാംപില്‍ അത്ര ആത്മവിശ്വാസമില്ല.
2011ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ചതു തന്നെ കോട്ടയം ജില്ലയാണെന്ന് പറയാം. മുഖ്യമന്ത്രി, ധനമന്ത്രി, ഒരുവേള ആഭ്യന്തരമന്ത്രി, ചീഫ് വിപ്പ്, ഇപ്പോള്‍ ഗതാഗതമന്ത്രി തുടങ്ങി തന്ത്രപ്രധാനമായ ഭരണസ്ഥാനങ്ങള്‍ കോട്ടയത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതേസമയം, സര്‍ക്കാരിനെതിരേ ഉയര്‍ന്ന കുന്തമുനകളില്‍ ഭൂരിഭാഗവും കോട്ടയത്തുനിന്നുള്ള പ്രമുഖര്‍ക്കെതിരേയായിരുന്നു എന്നതും ശ്രദ്ധേയം. ബാര്‍കോഴ വിവാദത്തില്‍പ്പെട്ട് ധനമന്ത്രിക്കസേര നഷ്ടപ്പെട്ട കെ എം മാണി, സോളാര്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി, ചീഫ് വിപ്പില്‍ തുടങ്ങി പ്രതിനിധാനം ചെയ്ത പാര്‍ട്ടിയില്‍ നിന്നും എംഎല്‍എ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട പി സി ജോര്‍ജ്. ഇങ്ങനെ അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ യുഡിഎഫിന് ജില്ലയില്‍ നഷ്ടത്തിന്റെ കണക്കുകള്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ജോസ് കെ മാണി എല്‍ഡിഎഫിലെ മാത്യു ടി തോമസിനെ പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നില അല്‍പം മെച്ചപ്പെടുത്താനായതിന്റെ ആശ്വാസത്തിലാണ് ഇടതുമുന്നണി. ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളില്‍ 14 എണ്ണം യുഡിഎഫും എട്ടെണ്ണം എല്‍ഡിഎഫും നേടി. നേരത്തെ 18 ഡിവിഷന്‍ യുഡിഎഫ് നേടിയിരുന്നു. 12 ബ്ലോക്ക് പഞ്ചായത്തില്‍ 11 എണ്ണം ഇക്കുറി യുഡിഎഫ് നേടി. നേരത്തേ 12ഉം യുഡിഎഫായിരുന്നു. നഗരസഭകളില്‍ ആറില്‍ നാലും ഗ്രാമപ്പഞ്ചായത്തുകളില്‍ 71ല്‍ 44ഉം ഇത്തവണ യുഡിഎഫ് നേടി. കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സൗഹൃദ മല്‍സരങ്ങളും കാലുവാരലും തദ്ദേശ തിരഞ്ഞെടുപ്പിനെ ജില്ലയില്‍ ശ്രദ്ധേയമാക്കിയിരുന്നു. അതിന്റെ അലയൊലികള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിക്കാം. അതേസമയം പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് സെക്കുലറിന് എല്‍ഡിഎഫുമായി സഹകരിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ സീറ്റ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. റബര്‍ പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് ജില്ലയിലെ കര്‍ഷകരെയാണെന്നിരിക്കെ തിരഞ്ഞെടുപ്പുഫലം നിര്‍ണയിക്കുന്നതില്‍ അത് നിര്‍ണായകമാവും.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയായിരിക്കും യുഡിഎഫ് സാരഥിയായി എത്തുക. എല്‍ഡിഎഫില്‍ വി എന്‍ വാസവനാണ് സാധ്യത. സിപിഐ സീറ്റായ വൈക്കത്ത് എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപിന്റെയും മുന്‍ എംഎല്‍എ പി നാരായണന്റെയും കാഞ്ഞിരപ്പള്ളിയില്‍ ചലച്ചിത്രതാരം മുകേഷിന്റെയും പേരുകളാണ് എല്‍ഡിഎഫില്‍നിന്നു കേള്‍ക്കുന്നത്. ഇതിനിടെ കാഞ്ഞിരപ്പള്ളിയും കുടുത്തുരുത്തിയുമായി സിപിഎം-സിപിഐ വച്ചുമാറാനും നീക്കമുണ്ട്. അങ്ങനെയെങ്കില്‍ കടുത്തുരുത്തിയില്‍ സിസിലി കൈപ്പറാടന്‍ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത. പാലായില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍സിപിയിലെ മാണി സി കാപ്പന്‍ ഇത്തവണയും പ്രചാരണം ആരംഭിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വത്തിനു വിയോജിപ്പുണ്ട്. പാലായില്‍ കെ എം മാണി തന്നെയായിരിക്കും ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. പൂഞ്ഞാറില്‍ ഇടതുസ്ഥാനാര്‍ഥിയായി പി സി ജോര്‍ജിനാണ് സാധ്യത. അതേസമയം ജോര്‍ജ് ജെ മാത്യുവും ശ്രമം നടത്തുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് (എം) സീറ്റാണ് നിലവില്‍ പൂഞ്ഞാര്‍. എന്നാല്‍ ഇത്തവണ സീറ്റാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെയും യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും നിയുക്ത സംസ്ഥാന പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പന്റെയും പേരുകള്‍ യുഡിഎഫില്‍ ഉയരുന്നുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ എസ്എഫ്‌ഐ നേതാവ് ജയ്ക് പി തോമസിന് സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ വി എന്‍ വാസവന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് അറിവ്. ഇവിടെ യുഡിഎഫില്‍ ടോമി കല്ലാനി, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
യുഡിഎഫ് പ്രതീക്ഷകളില്‍ ഇരുള്‍ പടര്‍ത്തുന്ന വാര്‍ത്തകളാണ് കേരളാ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഏതാനും ദിവസങ്ങളായി കേള്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശക്തിപകരാനെത്തിയ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വീണ്ടും ഇടതുപാളയത്തേക്ക് കളംമാറാനൊരുങ്ങുന്നത് മുന്നണിയെ വെട്ടിലാക്കിയിട്ടുണ്ട്. ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ സി ജോസഫ്, പി സി ജോസഫ് എന്നിവരെല്ലാം പുറത്തുചാടുന്നവരുടെ പട്ടികയിലാണ്. റബര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജോസ് കെ മാണി എംപി നടത്തിയ സമരം ഫലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാനേ ഇടയാക്കിയുള്ളൂ. ജോസ് കെ മാണിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ആനയിക്കാനുള്ള മാണിയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു സമരമെന്ന് വിമര്‍ശനവുമുണ്ടായി.
യഥാര്‍ഥ കേരളാ കോണ്‍ഗ്രസ്സെന്ന് അവകാശപ്പെടുന്ന പി സി തോമസ് എവിടെയാണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. 2004ല്‍ കേന്ദ്രമന്ത്രിസഭ സ്വപ്‌നം കണ്ട് എന്‍ഡിഎ പ്രതിനിധിയി. ഇപ്പോള്‍ പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ കുപ്പായം തയ്ച്ച് കാത്തിരിക്കുകയാണ്. മാണിയില്‍ നിന്നു വിട്ടുപോയ പി സി ജോര്‍ജ് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചെങ്കിലും ടി എസ് ജോണ്‍ പാര്‍ട്ടി കൈക്കലാക്കി പിസിയെ പുറത്താക്കി. ഇപ്പോള്‍ ടി എസ് ജോണ്‍ വലത്തോട്ടും പി സി ഇടത്തോട്ടും ചാഞ്ഞിരിക്കുകയാണ്. എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് രംഗത്തെ പ്രവര്‍ത്തനവും ഫലത്തില്‍ നിര്‍ണായകമാവും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടര്‍മാര്‍ നിര്‍ണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ജില്ലയില്‍ കരുത്ത് തെളിയിച്ചിരുന്നു. പുതുതായി രൂപം കൊണ്ട ഈരാറ്റുപേട്ട നഗരസഭയില്‍ പാര്‍ട്ടിക്ക് നാല് അംഗങ്ങളുണ്ട്. പല മണ്ഡലങ്ങളിലും 10ല്‍ താഴെ വോട്ടുകള്‍ക്കാണ് രണ്ടാം സ്ഥാനത്തെത്തിയത്. പൂഞ്ഞാര്‍ മണ്ഡലത്തിലെ രണ്ട് ഗാമപ്പഞ്ചായത്തുകളിലും പാര്‍ട്ടി പ്രതിനിധികളുണ്ട്. കോട്ടയം, ചങ്ങനാശ്ശേരി നഗരസഭാ വാര്‍ഡുകളിലും ശ്രദ്ധേയമായ പോരാട്ടമാണു കാഴ്ചവച്ചത്.
Next Story

RELATED STORIES

Share it