azchavattam

നിറങ്ങളുടെ രാഷ്ട്രീയം

 ഹൃദയതേജസ്       --    ടി കെ ആറ്റക്കോയ

കറുത്തവരെ പൂര്‍ണമനുഷ്യരായി പരിഗണിക്കാത്ത സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആശയമാണ് വര്‍ണവിവേചനം. മാനവരാശി ഉദ്ഭവിച്ച വന്‍കരയായി വിശ്വസിക്കപ്പെടുന്ന ആഫ്രിക്കയ്ക്ക് വര്‍ണവെറിയന്മാരായ വെള്ളക്കാര്‍ പേരിട്ടത് ഇരുണ്ട ഭൂഖണ്ഡം എന്നാണ്. ആഫ്രിക്കയുടെ സംസ്‌കാരം നീചമാണ്, ആഫ്രിക്കക്കാരന്റെ വര്‍ണം അഴകില്ലാത്തതാണ് തുടങ്ങിയവ വെള്ളക്കാരന്‍ നിര്‍മിച്ച വ്യാജസങ്കല്‍പങ്ങളാണ്. കറുത്തവന്‍ പൂര്‍ണമനുഷ്യനല്ല എന്നു പ്രചരിപ്പിച്ച വംശീയവാദം നരവംശ ശാസ്ത്രത്തെയും ചരിത്രത്തെയും വെള്ളക്കാര്‍ക്കനുകൂലമാക്കി. വര്‍ണവ്യവസ്ഥകൊണ്ടുള്ള ഉദ്ദേശ്യം ഒരാള്‍ ജനിക്കുന്നതിനു മുമ്പേതന്നെ, അയാള്‍ ജനിച്ചുകഴിഞ്ഞാല്‍ എന്തു ചെയ്യും എന്നു തീരുമാനമെടുക്കുകയാണ്. ഞാനതില്‍ വിശ്വസിക്കുന്നു. ലോകം ആദരവ് കല്‍പിച്ച ഒരു മഹാത്മാവുപോലും ഇങ്ങനെ വര്‍ണവ്യവസ്ഥയെ വാഴ്ത്തിപ്പറഞ്ഞു. ജാതിവിരുദ്ധ പ്രസ്ഥാനത്തില്‍നിന്ന് രാജി സമര്‍പ്പിച്ചുകൊണ്ട് ശ്രീനാരായണ ഗുരു, ഡോ. പല്‍പുവിന് എഴുതിയ കത്തില്‍നിന്ന് ജാതി എത്രമാത്രം ശക്തി പ്രാപിച്ചു എന്നു മനസ്സിലാക്കാം.…''യോഗത്തിന് ജാത്യാഭിമാനം വര്‍ധിച്ചു വരുന്നതുകൊണ്ട് മുമ്പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.'' വ്യക്തിയുടെ പദവി, അധികാരം, അവകാശം, ചുമതലകള്‍ എന്നിവയുടെ നിര്‍ണയമാണ് ഒരര്‍ഥത്തില്‍ സാമൂഹികതത്ത്വങ്ങള്‍ സാധിക്കുന്നത്. മതങ്ങള്‍ ജനങ്ങളുടെ സമീപനങ്ങള്‍ അനുസരിച്ച് അവരെ വിശ്വാസികളെന്നും നിഷേധികളെന്നും വിഭജിക്കുന്നു. ഉള്ളവനെന്നും ഇല്ലാത്തവനെന്നും ജനങ്ങളെ പകുക്കുന്ന ചിന്താപ്രസ്ഥാനങ്ങളുണ്ട്. എന്നാല്‍, ഒരു നിലയ്ക്കും വ്യക്തിക്ക് ഇടപെടാന്‍ കഴിയാത്ത ജനനത്തിന്റെ പേരില്‍ അവനെ ഉന്നതനോ കീഴാളനോ ആക്കിത്തീര്‍ക്കുന്ന വ്യവസ്ഥയാണ് ജാതീയത.ഇന്ത്യന്‍ ഗ്രാമങ്ങളെ മാത്രമല്ല, നഗരങ്ങളെയും ജാതീയത വരിഞ്ഞുമുറുക്കിയിരിക്കുന്നു. രാഷ്ട്രീയത്തിലും നിയമസഭകളിലും കലാലയങ്ങളിലും ഗവേഷണസ്ഥാപനങ്ങളിലും ജാതീയത വാണരുളുകയാണ്. ദലിതര്‍ മലം ചുമലിലേറ്റുന്നതോ തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും വിധേയരാവുന്നതോ      ദലിതുഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെടുന്നതോ ദലിതു വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നതോ ബുദ്ധിജീവികളെയോ രാഷ്ട്രീയനേതൃത്വത്തെയോ അലോസരപ്പെടുത്തുന്നില്ല. അവരെ അലോസരപ്പെടുത്തുന്നത് ദലിതുകളുടെ വളര്‍ച്ചയും പുരോഗതിയുമാണ്. അവകാശത്തിനു വേണ്ടിയുള്ള ദലിതുകളുടെ സമരങ്ങളെയാണ്. ഗവേഷണ വിദ്യാര്‍ഥിയായ രോഹിതിന്റെ ആത്മഹത്യ അതിന്റെ ഏറ്റവും പ്രകടമായ തെളിവും അടയാളവുമാണ്. ദലിതന്റെ യാതനകളെക്കുറിച്ച് ഗംഗാറാം ചണ്ഡാല പറഞ്ഞതിങ്ങനെ: “''നമ്മുടെ അധ്വാനംകൊണ്ടാണ്     അവര്‍ ദാഹം തീര്‍ക്കുന്നത്. എന്നിട്ടും അവര്‍ നമ്മെ പുറത്തു നിര്‍ത്തുന്നു    വീടുകളില്‍നിന്ന്, ചായക്കടകളില്‍നിന്ന്    കിണറ്റിന്‍കരയില്‍ നിന്ന്.അവര്‍ നമ്മെ തൊട്ടുകൂടാത്തവര്‍ എന്നു വിളിക്കുന്നു.''” തങ്ങളുടെ മര്‍ദ്ദിതാവസ്ഥ വാത്മീകിയെപ്പോലും ചോദ്യംചെയ്യാന്‍ അവരെ സന്നദ്ധരാക്കുന്നു. ദലിത് കവി ദയാ പവാര്‍ എഴുതിയ വരികള്‍ ഇങ്ങനെ: ''ഹേ മഹാകവേ,     രാമരാജ്യത്തെ അങ്ങ് പാടിപ്പുകഴ്ത്തുമ്പോള്‍     അവിടെയും അവമാനവികതയുടെ മഞ്ഞുമലകള്‍ ഉയര്‍ന്നുവരുകയായിരുന്നു.     ഹേ മഹാകവേ,     അപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ്.    അങ്ങയെ മഹാകവി എന്നു വിളിക്കുക?     ഈ അനീതിയെക്കുറിച്ച്     ഒരു വരിയെങ്കിലുമെഴുതിയിരുന്നെങ്കില്‍     അങ്ങയുടെ നാമം ഞങ്ങളുടെ ഹൃദയത്തില്‍ കോറിയിടുമായിരുന്നു.''മുസ്‌ലിംകള്‍ ഈജിപ്തിലേക്ക് സൈനികനീക്കം നടത്തിയപ്പോള്‍ രാജാവായിരുന്ന മുഖൗഖിസ് അവരുമായി ചര്‍ച്ച നടത്താനാഗ്രഹിച്ചു. ഉബാദ എന്ന കറുത്ത വര്‍ഗക്കാരനായിരുന്നു മുസ്‌ലിംകളുടെ പ്രതിനിധി. ഒരു കറുത്ത വര്‍ഗക്കാരനുമായി സംഭാഷണത്തിന് താന്‍ ഒരുക്കമില്ലെന്ന് മുഖൗഖിസ് പറഞ്ഞു. അപ്പോള്‍ മുസ്‌ലിംകള്‍ ഇങ്ങനെ മറുപടി നല്‍കി:“ഞങ്ങളുടെ നേതാവാണദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളും അഭിപ്രായങ്ങളും ഞങ്ങള്‍ അംഗീകരിക്കും.”വെളുത്തവന് കറുത്തവനെക്കാള്‍ യാതൊരു ശ്രേഷ്ഠതയുമില്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികളെ അനുസരിക്കുകയല്ലാതെ രാജാവിന് മറ്റു മാര്‍ഗമില്ലായിരുന്നു. പക്ഷേ, മര്‍ദ്ദിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബാലികാ-ബാലന്മാര്‍ക്കും വേണ്ടി സമരമുഖങ്ങളില്‍ അണിനിരക്കാന്‍ സന്നദ്ധമല്ലാത്തവര്‍ ഈ കഥ പറഞ്ഞ് അഭിമാനം കൊള്ളുന്നതില്‍ യാതൊരര്‍ഥവുമില്ല. ി
Next Story

RELATED STORIES

Share it