kasaragod local

നിര്‍വഹണ ഉദ്യോഗസ്ഥരുടെ അഭാവം; പദ്ധതികള്‍ താളം തെറ്റുന്നു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയില്‍ നിര്‍വഹണ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പദ്ധതികള്‍ താളം തെറ്റുന്നു. ജില്ലയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് (ഡിഡിപി) തസ്തിക കഴിഞ്ഞ ഒരു വര്‍ഷമായി ഒഴിഞ്ഞു കിടക്കുകയാണ്. കണ്ണൂര്‍ ജില്ലയിലുള്ള ഡെപ്യുട്ടി ഡയറക്ടര്‍ക്കാണ് ഈ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നത്.
അസി. ഡയറക്ടറുടെ തസ്തികയും കഴിഞ്ഞ ഒരു വര്‍ഷമായി ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ മൂന്നിലൊന്ന് തസ്തികയില്‍ മാത്രമാണ് ഉദ്യോഗസ്ഥരുള്ളത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ചീഫ് എന്‍ജിനിയര്‍ 15 അസി. എന്‍ജിനിയര്‍മാരെ നിയമിച്ചെങ്കിലും ആറ് പേര്‍ മാത്രമാണ് ചുമതലയേറ്റത്. ഇവര്‍ ആറ് മാസത്തിനുള്ളില്‍ സ്ഥലം മാറി പോവുകയും ചെയ്തു. പ്ലാനിങ് ഓഫിസര്‍ അസി. എന്‍ജിനീയര്‍മാര്‍ 30,000 രൂപ ശമ്പള സ്‌കെയിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും നിയമനം നടക്കുന്നില്ല.
താത്ക്കാലികമായി നിയമിക്കുന്ന അസി. എന്‍ജിനീയര്‍മാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദ—മില്ല. ഇത് പഞ്ചായത്ത് സെക്രട്ടറിമാര്‍ തന്നെ ചെയ്യേണ്ടി വരും. ഇതുകൊണ്ട് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സെക്രട്ടറിമാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ല. എന്നാല്‍ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ട് കഴിഞ്ഞാല്‍ ഇത്തരം നിയമനം നടത്തേണ്ടതാണ്. എന്നാല്‍ പല പഞ്ചായത്തുകളും ഇതിന് വേണ്ടി ശക്തമായി ആവശ്യപ്പെടുന്നില്ല.
പഞ്ചായത്തുകളില്‍ ഒരു വര്‍ഷം 75 മുതല്‍ 80 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. ഇതിന് പുറമേ എംപിമാരുടെ വികസന ഫണ്ടും എംഎല്‍എ വികസന ഫണ്ടും മറ്റ് പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. പഞ്ചവത്സര പദ്ധതിയുടെ 2016-17 വര്‍ഷത്തെ പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ട സമയവുമാണ്.
ജില്ലയുടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഏഴ് തസ്തികകളില്‍ നാലും ഒഴിഞ്ഞ് കിടക്കുകയാണ്. അസി. എന്‍ജിനിയറുമാരുടെ 37 ല്‍ 17 തസ്തികളിലും ആളില്ല. ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയറുടെ 24 തസ്തികളില്‍ 15 ഉം ഒഴിഞ്ഞ് കിടക്കുകയാണ്. സെക്കന്റ് ഗ്രേഡ് ഓവര്‍സീയര്‍മാരില്‍ ഒമ്പത് പേരും തേഡ് ഗ്രേഡില്‍ രണ്ടു പേരും ഇല്ല. ജില്ലയിലെ പഞ്ചായത്തുകളില്‍ ആറ് തസ്തികകളില്‍ എന്‍ജിനിയര്‍മാരുടെ പോസ്റ്റുകള്‍ പോലും അനുവദിച്ചിട്ടില്ല. പിലിക്കോട്, കയ്യൂര്‍ ചീമേനി, ഈസ്റ്റ് ഏളേരി, വെസ്റ്റ് ഏളേരി, പനത്തടി, കള്ളാര്‍, മുളിയാര്‍, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, പൈവളിഗെ, പുത്തിഗെ, മീഞ്ച, വോര്‍ക്കാടി എന്നീ പഞ്ചായത്തുകള്‍ക്ക് ഓരോ എന്‍ജിനിയര്‍മാരുടെ തസ്തികകള്‍ മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ഉദ്യോഗസ്ഥരാണ് നബാര്‍ഡിന്റെ എന്‍ഡോസള്‍ഫാന്‍ പാക്കേജ്, കാസര്‍കോട് വികസന പാക്കേജ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടത്തുന്നത്. ബേഡഡുക്ക സിഎച്ച്‌സിയുടെ രണ്ട് കോടി രൂപയുടെ പദ്ധതിയും പാണത്തൂര്‍ ഐപി ബ്ലോക്കിന്റെ 3.25 കോടിയുടെ പദ്ധതിയും പൂടംകല്ല് സിഎച്ച്‌സിയുടെ 4.85 കോടിയുടെ പദ്ധതിയും കാറഡുക്ക വിഎച്ച്എസ്‌സിയുടെ 2.04 കോടിയുടെ കെട്ടിട നിര്‍മാണ പദ്ധതിയും പുരോഗമിച്ചുവരികയാണ്.
പഞ്ചായത്തുകളുടെ പൊതുമരാമത്ത് പണികള്‍ കൃത്യമായി നടത്തുന്നതിന് എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവുകള്‍ തടസ്സമാവുന്നുണ്ട്. എന്‍ജിനിയറിങ് വിഭാഗത്തില്‍ തദ്ദേശീയരായ ആളുകളുടെ കുറവുള്ളതിനാല്‍ അന്യജില്ലക്കാര്‍ ചുമതലയേറ്റാല്‍ തന്നെ സ്ഥലം മാറി പോവുന്നത് പതിവാണ്. തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനിയറിങ് വിഭാഗത്തില്‍ പ്ലാന്‍ ഉണ്ടാകുന്നതില്‍ പ്രത്യേക ഡിസൈനിങ് വിങ് ഇല്ലാത്തതിനാല്‍ തിരുവനന്തപുരം എല്‍ബിഎസ് എന്‍ജിനിയറിങ് കോളജിനെയാണ് ആശ്രയിക്കുന്നത്. ഇവര്‍ പ്ലാന്‍ നിര്‍മിച്ചാല്‍ ഇവര്‍ക്ക് കൃത്യമായി പണം നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്. അതുകൊണ്ടു തന്നെ പ്ലാന്‍ ലഭിക്കാന്‍ വൈകുന്നുണ്ടെന്ന് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ജില്ലയിലെ പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കാന്‍ ഒഴിവുള്ള തസ്തികളില്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it