നിര്‍മാതാക്കള്‍ക്കെതിരേ സാമുവല്‍ റോബിന്‍സണ്‍

തിരുവനന്തപുരം: പ്രേക്ഷകശ്രദ്ധ നേടി തിയേറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ പ്രമുഖ വേഷത്തില്‍ അഭിനയിച്ച നൈജീരിയന്‍ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് തിരിച്ചുപോയ സാമുവല്‍ ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് വംശീയ വിവേചനം നേരിടേണ്ടിവന്നുവെന്നും മറ്റു താരങ്ങളേക്കാളും വളരെ കുറഞ്ഞ തുകയാണ് പ്രതിഫലമായി നല്‍കിയതെന്നും സാമുവല്‍ ആരോപിച്ചു. മലയാളത്തിലെ പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ തുച്ഛമായ തുകയാണ് തനിക്ക് ലഭിച്ചത്. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാണം തോന്നുന്നുവെന്നും സാമുവല്‍ പറഞ്ഞു.
പടം ഹിറ്റായാല്‍ കൂടുതല്‍ പ്രതിഫലം തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. പടത്തിന്റെ പ്രമോഷനു വേണ്ടി കഴിഞ്ഞ അഞ്ചു മാസമായി എന്നെ അവിടെ പിടിച്ചുനിര്‍ത്തുകയായിരുന്നു. തന്ത്രമായിരുന്നു ഇത്. കറുത്തവനായതുകൊണ്ടും ദരിദ്രരായ ആഫ്രിക്കക്കാര്‍ക്ക് പണത്തിന്റെ വില അറിയില്ലെന്ന പൊതുധാരണ ഉള്ളതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നും സാമുവല്‍ കുറ്റപ്പെടുത്തി.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സകരിയ എന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചു. സകരിയ സ്‌നേഹമുള്ളയാളും കഴിവുള്ള സംവിധായകനുമാണ്. എന്നാല്‍, പണം ചെലവാക്കുന്നത് അദ്ദേഹമല്ലല്ലോ. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പരിമിതികളുണ്ടായിരുന്നു. ഞാന്‍ ക്ഷമിച്ചതുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും നേരത്തേ പറയാതിരുന്നത്. ഇപ്പോള്‍ എല്ലാം തുറന്നു പറയുകയാണ്. കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും നാളെ ഈ അവസ്ഥ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും സാമുവല്‍ പറഞ്ഞു. ആരാധകര്‍ നല്‍കിയ സ്‌നേഹത്തിന് അങ്ങേയറ്റത്തെ നന്ദിയുണ്ട്. കേരളത്തിലെ ഊഷ്മളമായ സംസ്‌കാരം അനുഭവിക്കാനുള്ള സൗഭാഗ്യം ലഭിച്ചതില്‍ സന്തോഷവാനാണെന്നും സാമുവല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it