നിര്‍മാണ- വിതരണക്കാരുടെ തീരുമാനം: 21 മുതല്‍ പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനു നല്‍കില്ല

കൊച്ചി: സിനിമാമേഖല സ്തംഭനത്തിലേക്ക്. ഈ മാസം 21 മുതല്‍ പുതിയ സിനിമകള്‍ പ്രദര്‍ശനത്തിന് നല്‍കില്ലെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗത്തില്‍ തീരുമാനമായി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിക്കുള്ള വിഹിതമായി സിനിമാ ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് മെയ് രണ്ടു മുതല്‍ തിേയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് തിയേറ്ററുടമകള്‍ പ്രഖ്യാപിച്ചിരുന്നു.
തിയേറ്ററുടമകളുടെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നല്‍കേണ്ടതില്ലെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനമെടുത്തത്.
നിര്‍മാതാക്കളുമായോ സിനിമാ വിതരണക്കാരുമായോ ആലോചിക്കാതെയാണ് തിയേറ്ററുടമകള്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നതെന്നും ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഈ മാസം 21 മുതല്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പുതിയ സിനിമകള്‍ പ്രദര്‍ശനത്തിന് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളും അടച്ചിട്ടു പ്രതിഷേധിച്ചിരുന്നു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ മെയ് രണ്ടു മുതല്‍ തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it