Alappuzha local

നിര്‍മാണ മേഖല പ്രതിസന്ധിയില്‍

ഹരിപ്പാട്: ഇടവപ്പാതി ശക്തമായതോടെ നിര്‍മ്മാണ മേഖല സ്തംഭിച്ചു.  പ്രദേശത്തെ നൂറുകണക്കിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നത്.  ചെറുതും വലുതുമായ നിരവധി വീടുകളാണ് ചിങ്ങം ഒന്നിന് കയറി താമസം ലക്ഷ്യമിട്ട് പുരോഗമിച്ചു കൊണ്ടിരുന്നത്. പാതി വഴിയിലെത്തിയതും,തുടക്കം കുറിച്ചതും, അവസാന ഘട്ടത്തിലെത്തിയതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 ദിവസമായി  പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നത്.
വരും ദിവസങ്ങളില്‍ മഴ വീണ്ടും ശക്തിപ്പെടുമെന്ന വിശ്വാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കരാറുകാരോട് തന്നെ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്.  മാത്രമല്ല ജല നിരപ്പും വന്‍തോതില്‍ ഉയര്‍ന്നു തുടങ്ങി. നദികള്‍ കലങ്ങി മറിഞ്ഞ് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ആരംഭിക്കുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ തുടങ്ങി.
കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ മഴ ശമിച്ചാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.  ഉള്‍പ്രദേശങ്ങള്‍ താഴ്ന്നു കിടക്കുന്നതിനു പുറമെ ചെറുകിട റോഡുകള്‍ വെള്ളത്തിലായതോടെ നിര്‍മ്മാണ സാധന സാമഗ്രികള്‍ സൈറ്റുകളില്‍ എത്തിക്കാന്‍ കഴിയാത്തത് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണമാകും. വരും ദിവസങ്ങളില്‍ വെള്ളത്തിന്റെ വരവ് ശക്തമാകുന്നതോടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളും വെള്ളത്തിനടിയിലാകും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതോടെ  നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന വ്യാപാര  സ്ഥാപനങ്ങളും ഷട്ടറിടേണ്ട അവസ്ഥയാണുള്ളത്.  വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെ  തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ   കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ്  ഈ മേഖലയിലെ തൊഴിലാളികളുടെ വെളിപ്പെടുത്തല്‍.
മാത്രമല്ല  അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് നമ്മുടെ നിര്‍മ്മാണ മേഖലയുടെ പ്രയാണം. കാലാവസ്ഥ മാറുകയും മഴ ശക്തി പ്രാപിക്കുകയും ചെയ്യുന്നതോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് വണ്ടി കയറും.  ഇത് മേഖലയുടെ താളം തെറ്റിക്കുമെന്നും ചെറുകിട കരാറുകാര്‍ വ്യക്തമാക്കുന്നു.  ഫലത്തില്‍ സമയബന്ധിതമായി കരാര്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. പത്തും പതിനഞ്ചും സൈറ്റുകളുള്ള ചെറുകിട കരാറുകാരാണ് രംഗത്തുള്ളത്.
ഇതിനു പുറമെ കോര്‍പറേറ്റ് കരാറുകാരും കെട്ടിട നിര്‍മ്മാണ രംഗത്തുണ്ട്.  കോളം വെട്ടി പയലിങ് ജോലികള്‍ ചെയ്യുന്ന കരാറുകാര്‍ ദിവസങ്ങളായി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. ഇത്തരം പ്രവര്‍ത്തികള്‍ കരാറുകാര്‍ക്ക് നഷ്ടം വരുത്തിവെക്കുമെന്നാണ് അവരുടെ വെളിപ്പെടുത്തല്‍.
ചുരുക്കത്തില്‍ നിര്‍മ്മാണ മേഖലപൂര്‍ണ്ണമായും ‘സ്തംഭനാവസ്ഥയിലായ മട്ടാണ്.   കാലവര്‍ഷം നേരത്തെ എത്തിയതും   തൊഴില്‍ നിലച്ചതും   വിദ്യാലയങ്ങള്‍ തുറക്കുന്നതും ഒരുപോലെയെത്തിയത്  ജീവിതത്തിന്റെ താളം തെറ്റിക്കും.  കാലവര്‍ഷം നേരത്തെ എത്തിയത്  മൂലം പല വീടുകളിലേയും കേറിത്താമസം ഉദ്ദേശിച്ച തീയതിയില്‍ നടത്താന്‍ കഴിയാത്തത് പ്രതിസന്ധിയുണ്ടാക്കുമെന്ന്       നിര്‍മാണ മേഖലയിലെ കരാര്‍ തൊഴിലാളിയായ ചെറുതന സ്വദേശിയായ  രതീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it