ernakulam local

നിര്‍മാണ പ്രവര്‍ത്തനത്തിന് ഭൂമി അളക്കാന്‍ വന്നത് നാട്ടുകാര്‍ തടഞ്ഞു

മരട്: നെട്ടൂരില്‍ പൊതു കിണര്‍ സ്ഥിതിചെയ്യുന്നിടത്ത് അങ്കണവാടി നിര്‍മിക്കാന്‍ ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഭൂമി അളക്കാന്‍ വന്ന താലൂക്ക് സര്‍വേയറെ നാട്ടുകാര്‍ തടഞ്ഞു.
മരട് നഗരസഭ 29ാം ഡിവിഷനില്‍ നെട്ടൂര്‍ തീരദേശ റോഡിലെ തരകത്തിപറമ്പിന് സമീപത്തെ ഭൂമി അളക്കാന്‍ തീങ്കളാഴ്ച്ച രാവിലെ 11 ഓടെ കൗണ്‍സിലര്‍ ബോബന്‍ നെടുംപറമ്പിലിന്റെ നേതൃത്വത്തില്‍ സര്‍വേയര്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ഇവിടത്തെ കിണറ്റിലെ വെള്ളമാണ് പ്രദേശവാസികള്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്നത്.
ജല സ്രോതസ്സുകള്‍ നശിപ്പിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ അനുവദിക്കുകയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് പുറമ്പോക്ക് ഭൂമി ഉള്ളപ്പോള്‍ അങ്കണവാടി കെട്ടിടവും മറ്റും നിര്‍മിക്കാന്‍ കിണര്‍ ഉള്ള സ്ഥലം തിരഞ്ഞെടുത്തത് എന്തിനാണെന്നും ജനങ്ങള്‍ ചോദിക്കുന്നു. കൂടാതെ അങ്കണവാടി നിര്‍മിച്ച് അതിനു മുകളില്‍ ക്ലബ്ബാക്കാന്‍ നീക്കമുണ്ടെന്നും ഇത് ഇവിടെ താമസിക്കുന്ന ഭൂരിഭാഗം സ്ത്രീകള്‍ക്കും മറ്റും ശല്ല്യമായി തീരുമെന്നും ആരോപണമുണ്ട്.
ഇത് സാമൂഹിക വിരുദ്ധരെ സഹായിക്കാനാണ് എന്നും ആരോപണമുണ്ട്. എന്നാല്‍ കിണര്‍ നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും കൗണ്‍സിലര്‍ ബോബന്‍ നെടുംപറമ്പില്‍ പറഞ്ഞു.
അതേ സമയം മരട് നഗരസഭ കൗണ്‍സില്‍ ഭൂമി അളക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും ജല സ്രോതസ്സുകള്‍ സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ നഗരസഭ അനുമതി നല്‍കുകയുള്ളുവെന്നും ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it