നിര്‍മാണ കരാറുകാരെ തിരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കും: ജി സുധാകരന്‍

കളമശ്ശേരി: പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ കരാറുകാരെ തിരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്നു കാണിച്ച് പല കരാറുകാരും പിന്‍വാങ്ങുന്ന സാഹചര്യത്തിലാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള പ്രവൃത്തികള്‍ മാത്രമേ കരാറുകാര്‍ ഏറ്റെടുക്കാവൂ. പൊതുമരാമത്തു വകുപ്പിന്റെ രൂപകല്‍പന വിഭാഗം എറണാകുളം മേഖലാ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പിന്റെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. 70 ശതമാനം പണികളും ടെന്‍ഡര്‍ കാലാവധി കഴിഞ്ഞിട്ടാണ് പൂര്‍ത്തിയാക്കുന്നത.് ഈ രീതി മാറ്റാനും സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പൊതുമരാമത്തു വകുപ്പ് നടത്തിവരുന്ന പ്രവൃത്തികള്‍ ആധുനിക രീതിയില്‍ ഉള്ളതാണെന്നും ഗുണനിലവാരമുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. നിര്‍മിച്ച പാലം, കെട്ടിടം, റോഡ് എന്നിവയുടെ നിര്‍മാണസൗന്ദര്യത്തിലും ഉദ്യോഗസ്ഥരും കരാറുകാരും ശ്രദ്ധ പതിപ്പിക്കണം. ഇവ കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഡിസൈന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് സംസ്ഥാനത്ത് പുതിയ രണ്ടു മേഖലാതല ഡിസൈന്‍ ഓഫിസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേന്ദ്ര ഡിസൈന്‍ ഓഫിസിനു പുറമേ എറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ചാണ് പുതിയ ഡിസൈന്‍ ഓഫിസുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മരാമത്ത് പ്രവൃത്തികളുടെ ഡിസൈന്‍ തിരുവനന്തപുരത്തെ ഏക കേന്ദ്രത്തില്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക കാലതാമസം പരിഹരിക്കാനാണ് മേഖലാ ഓഫിസുകള്‍ തുറക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് വഴിയുള്ള പദ്ധതികള്‍ മാത്രം 45,000 കോടി രൂപയുടേതാണെന്നും മന്ത്രി പറഞ്ഞു. 450 കോടി രൂപയുടെ അറ്റകുറ്റപ്പണികളും കേരളത്തില്‍ നടക്കുന്നുണ്ട്. കേരളത്തിലെ പാലങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ പരിശോധിക്കുകയും ഇതില്‍ 375 മാറ്റിപ്പണിയാനും 1200 എണ്ണം അറ്റകുറ്റപ്പണി നടത്താനും നടപടികള്‍ എടുത്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു വകുപ്പുകളുടെ സ്ഥലം അവരുടെ അനുവാദമില്ലാതെ ലേലം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ മുനിസിപ്പാലിയില്‍ മുല്ലക്കലില്‍ പൊതുമരാമത്തിന്റെ സ്ഥലത്ത് നഗരസഭ അനധികൃതമായാണ് കടകള്‍ ലേലം ചെയ്തത്. തങ്ങളുടെ അധികാരത്തിന്റെ വ്യാപ്തിയും പരിമിതിയും എല്ലാവരും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിച്ച സ്വത്തുക്കള്‍ കഴിഞ്ഞ 60 വര്‍ഷമായി പലരും നന്നായി കൈകാര്യം ചെയ്തിട്ടില്ല. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥലം മറ്റാരും കൈവശപ്പെടുത്താതെയും കാടുകയറാതെയും സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രഫ. കെ വി തോമസ് എംപി മുഖ്യാതിഥിയായിരുന്നു. കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ജെസി പീറ്റര്‍ അധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍ സബീന ജബ്ബാര്‍, പൊതുമരാമത്തു വകുപ്പ് ഐ ആന്റ് ക്യൂസി വിഭാഗം ഡയറക്ടര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, രൂപകല്‍പന വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ ആര്‍ മധുമതി യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it