നിര്‍മാണ കരാറിലെ പണയവ്യവസ്ഥ സംബന്ധിച്ച് വ്യക്തത വേണം: അന്വേഷണ കമ്മീഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറിലെ പണയ വ്യവസ്ഥ സംബന്ധിച്ച് വ്യക്തത വേണമെന്ന് വിഴിഞ്ഞം അന്വേഷണ കമ്മീഷന്‍. സര്‍ക്കാരിന്റെയും കമ്പനിയുടെയും വിഹിതവും സംബന്ധിച്ച് കരാറില്‍ വ്യക്തമാണ്. തുറമുഖ നിര്‍മാണത്തിന് 5000 കോടിയോളം നല്‍കുന്നതിനു പുറമെ സര്‍ക്കാര്‍ സ്ഥലം ഈടുനല്‍കി ബാങ്കില്‍ നിന്ന് പണമെടുക്കാനും അനുവദിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ സര്‍ക്കാര്‍ ഭൂമി ആസ്തിയാക്കിയാണ് കമ്പനി പണം കണ്ടെത്തുന്നത്. ഇത്രയധികം തുക മുടക്കിയാലും കമ്പനി വരുത്തിവയ്ക്കുന്ന ബാധ്യതയുടെ ഭാരം സര്‍ക്കാരിനാണ്. എന്നാല്‍ കരാറിലെ വായ്പ വ്യവസ്ഥകള്‍ സ്വത്ത് കൈമാറ്റ നിയമത്തിന് വിരുദ്ധമല്ലെന്ന നിയമോപദേശം ലഭിച്ചശേഷമാണ് ഉള്‍പ്പെടുത്തിയതെന്ന് അദാനി ഗ്രൂപ് അറിയിച്ചു. അടിസ്ഥാന സൗകര്യമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്നത്. അല്ലാതെ ഏതെങ്കിലും വ്യവസായമല്ല. നേട്ടം സംസ്ഥാനത്തിനാണെന്നും കമ്പനി വാദിച്ചു. വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമല്ലെന്ന പഠനറിപോര്‍ട്ട് പുറത്തുവന്നശേഷം കരാര്‍ സംബന്ധിച്ച് നടത്തുന്ന ചര്‍ച്ചകള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് പി സി ജോര്‍ജ് എംഎല്‍എക്കുവേണ്ടി മകന്‍ ഷോണ്‍ ജോര്‍ജ് വാദിച്ചു. രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന ഷോണിന്റെ അഭ്യര്‍ഥന പരിഗണിച്ച് അന്തിമ വാദം കേള്‍ക്കുന്നത് കമ്മീഷന്‍ ഈ മാസം 13, 14 തിയതികളിലേക്കു മാറ്റി. കമ്മീഷന്‍ സിറ്റിങ് ഇന്നും തുടരും. അദാനി ഗ്രൂപ്പിന്റെ സത്യവാങ്മൂലവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദമുഖങ്ങളും ഇന്ന് പരിഗണിക്കും. അടുത്തമാസം അവസാനിക്കുന്ന കമ്മീഷന്റെ കാലാവധി നീട്ടിയില്ലെങ്കില്‍ ജൂലൈ 15നു മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അധ്യക്ഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it