നിര്‍മാണ ഉദ്ഘാടനത്തിന് ഒരുങ്ങി വിഴിഞ്ഞം

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ഔദ്യോഗിക തുടക്കത്തിന് ദിവസങ്ങള്‍ മാത്രം. പശ്ചാത്തല സൗകര്യങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പദ്ധതിമേഖലയിലേക്കുള്ള പാതനിര്‍മാണം, ഡ്രഡ്ജിങ് അടക്കമുള്ള മറ്റു പണികള്‍ എന്നിവ ദിവസങ്ങളായി നടക്കുന്നു.
ഡിസംബര്‍ 5നാണ് നിര്‍മാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതോടെയാണ് അദാനി പോര്‍ട്ട് തുറമുഖ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ഇറക്കിത്തുടങ്ങിയത്. തീരദേശം വഴിയുള്ള റോഡ് നിര്‍മാണമാണ് ആദ്യം ആരംഭിച്ചത്. ഇതോടെ പദ്ധതിപ്രദേശം ഉണര്‍ന്നുതുടങ്ങി. നിര്‍മാണത്തിലെ അതിപ്രധാന ഘട്ടമായ ഡ്രഡ്ജിങ് 25നാണ് ആരംഭിച്ചത്. മുല്ലൂര്‍ കടലില്‍ നിന്ന് 700 മീറ്റര്‍ അകലെനിന്നാണ് അടിത്തട്ട് തുരന്നുള്ള ഡ്രഡ്ജിങ് ആരംഭിച്ചത്.
കടലില്‍ നിന്ന് എടുക്കുന്ന മണ്ണ് കരയിലേക്ക് നീക്കാനായി 800 മീറ്റര്‍ ഫ്‌ളോട്ടിങ് പൈപ്പ്‌ലൈനുകള്‍ നേരത്തെത്തന്നെ സ്ഥാപിച്ചു. അദാനി ഗ്രൂപ്പിന്റെ മുദ്ര തുറമുഖ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ശാന്തി സാഗര്‍ എന്ന ഡ്രഡ്ജറാണ് വിഴിഞ്ഞത്തും ഉപയോഗിക്കുന്നത്. 21 അടി താഴ്ചയില്‍ മണിക്കൂറില്‍ 2,500 ക്യുബിക് മീറ്റര്‍ വരെ മണ്ണെടുക്കാന്‍ ശേഷിയുള്ള ഡ്രഡ്ജറാണ് ശാന്തി സാഗര്‍. 450 ലിറ്റര്‍ ഡീസലാണ് മണിക്കൂറില്‍ ഡ്രഡ്ജറിന് ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തില്‍ തുറമുഖത്ത് എത്തുന്ന കപ്പലുകള്‍ക്ക് കിടക്കേണ്ട ബെര്‍ത്തെന്ന് അറിയപ്പെടുന്ന വാര്‍ഫ് പണിയുന്ന സ്ഥലത്തായിരിക്കും ഡ്രഡ്ജിങ്. 800 മീറ്റര്‍ നീളത്തിലാണ് വാര്‍ഫ് പണിയുക. ഇതിനായി ഏകദേശം 75 ഏക്കര്‍ വിസ്തൃതിയിലാണ് കടല്‍ നികത്തിയെടുക്കുന്നത്. ഡ്രഡ്ജ് ചെയ്‌തെടുക്കുന്ന മണ്ണ് തുറമുഖത്തിന്റെ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. 50ലേറെ വരുന്ന സാങ്കേതിക വിദഗ്ധരാണ് ഡ്രഡ്ജ് ബാര്‍ജുകളിലുള്ളത്.
Next Story

RELATED STORIES

Share it