ernakulam local

നിര്‍മാണമേഖല പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിലപാട് നിരുത്തരവാദപരം

ആലങ്ങാട്: വന്‍കിട ക്വാറികള്‍ പാറ അടക്കമുള്ളവയക്ക് അനിയന്ത്രിതമായി വിലവര്‍ധിപ്പിച്ചതു മൂലം നിര്‍മാണ മേഖല പ്രതിസന്ധിയില്‍. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം.
ദീര്‍ഘവീക്ഷണമില്ലാത്ത ഉത്തരവുകള്‍ പുറപ്പെടുവിപ്പിച്ചതുമൂലം ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വരികയും ഇത് മുതലെടുത്ത് വന്‍കിടക്വാറികള്‍ അമിതലാഭത്തിനുവേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുകയുമാണെന്നാണ്് ആക്ഷേപം.
രണ്ടുവര്‍ഷം മുമ്പ് അടിക്ക് 17 രൂപയുണ്ടായിരുന്ന മെറ്റലിന് ഇപ്പോള്‍ 42 രൂപയാണ് 30 രൂപയുണ്ടായിരുന്ന എംസാന്റിന് 57 രൂപയും ഒരുലോഡ് കല്ലിന് 1700(മിനി ലോറി) രൂപയുണ്ടായിരുന്നത് 3700 രൂപയുമായി ഉയര്‍ന്നിരിക്കുകയാണ്. ദിനംപ്രതിയെന്നോണമാണ് നിര്‍മാണസാമഗ്രികളുടെ വില ഉയരുന്നത്. ഇതുമൂലം സാധാരണക്കാര്‍ക്ക് വീടുനിര്‍മാണംപോലും അസാധ്യമായിതീര്‍ന്നിരിക്കുകയാണ്. ചെറുകിട ക്രഷറുകളും കോണ്‍ട്രാക്ടര്‍മാരും പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ പദ്ധതിയിലൂടെ വീട് അനുവദിച്ചവര്‍ക്ക് അനുവദിച്ച തുകകൊണ്ട് കാല്‍ഭാഗം പണിപോലും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കരാറെടുത്ത തുകയ്ക്ക് പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാതെവരുന്നത് കരാറുകാരെയും കുഴക്കുന്നു.
പ്രദേശവാസികളെ കൊണ്ടും മറ്റും സമരങ്ങള്‍ സംഘടിപ്പിച്ച് സാമഗ്രികള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വന്‍കിട ക്വാറികള്‍ വിലവര്‍ധിപ്പിക്കുന്നുവെന്ന ആരോപണമുണ്ട്. ജിഎസ്ടിയുടെ പേരിലും ചൂഷണം നടക്കുന്നതായി ആക്ഷേപമുണ്ട്. നിര്‍മാണമേഖല പ്രതിസന്ധിയിലായതോടെ തൊഴിലില്ലായ്മയും രൂക്ഷമാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചെറുകിടക്വാറികള്‍ക്കും ക്രഷറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുകയൊ കര്‍ണാടക സര്‍ക്കാരും മറ്റും ചെയ്യുന്നതുപോലെ മറ്റുരാജ്യങ്ങളില്‍ നിന്ന് നിര്‍മാണസാമഗ്രികള്‍ ഇറക്കുമതി ചെയ്‌തോ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ചെറുകിട ക്വാറികള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ കാര്യങ്ങള്‍ വന്‍കിട ക്വാറികളും പാലിക്കുന്നില്ലെന്ന് പരാതിയുമുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നിരുത്തരവാദപരമാണെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയരുകയാണ്.
Next Story

RELATED STORIES

Share it