kozhikode local

നിര്‍മാണപ്രവൃത്തികള്‍ നടത്തിയത് അനുമതിയില്ലാതെ

നാദാപുരം: ഉടുമ്പിറങ്ങി മലയില്‍ ക്വാറിക്ക് വേണ്ടി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത് അനുമതി ഇല്ലാതെയായിരുന്നെന്ന് വ്യക്തമായി. ജില്ലാ കലക്ടര്‍ 2016 ല്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് നിലനില്‍ക്കെയാണ് കഴിഞ്ഞ മാര്‍ച്ച്, ഏപ്രീല്‍ മാസങ്ങളിലടക്കം ക്രഷര്‍ നിര്‍മിക്കാനായി നിര്‍മാണം നടത്തിയിരുന്നത്. സിപിഎം ഉള്‍പ്പെടെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം പ്രഖ്യാപിച്ചതോടെയാണ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവെച്ചത്.
നാല് വര്‍ഷം മുമ്പ് നല്‍കിയ പരാതിക്ക് ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. പരിസ്ഥിതി ലോല പ്രദേശമായ വിലങ്ങാട് വില്ലേജിലെ റീ.സ 188/ ക എ എന്ന സ്ഥലത്ത് വിലങ്ങാട് ക്വാറി എന്ന പേരില്‍ ക്വാറി യൂണിറ്റ് തുടങ്ങുവാന്‍ രണ്ടായിരത്തി പതിനഞ്ച് ഫെബ്രുവരി മാസം വരെ അനുമതി നല്‍കിയിരുന്നു .പിന്നീട് രണ്ടായിരത്തി പതിനേഴ് ഏപ്രില്‍ 30 വരെ അനുമതി പുതുക്കി നല്‍കി. ഇതിനിടെ ക്വാറി പ്രദേശത്ത് സമരം ആരംഭിച്ചു. പരിസ്ഥിതി ലോല പ്രദേശത്ത് ഖനനം നടക്കുന്നത് ഗുരുതര പ്രതിസസികളുണ്ടാകും എന്നായിരുന്നു കാരണം.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൊടികുത്തി സമരവും ആരംഭിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയില്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നമാണെന്ന് കണ്ടെത്തി . ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരത്തി പതിനാറ് ജൂലൈ ഇരുപത്തിമൂന്നിന് എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവെക്കാര്‍ കലക്ടര്‍ ഉത്തരവിട്ടു. ഈ ഓര്‍ഡര്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ മാസം വരെ ക്രഷര്‍ നിര്‍മ്മിക്കാനുള്ള കെട്ടിടം നിര്‍മാണം നടത്തിയത്. 2012 ല്‍ നഗരവികസന വകുപ്പില്‍ നിന്നും പാസ്സാക്കിയെടുത്ത കെട്ടിട നിര്‍മാണ പ്ലാന്‍ പുതുക്കിയായിരുന്നു ക്രഷറിന് കെട്ടിടം പണി നടത്തിയത്. വീണ്ടും സമരം തുടങ്ങിയതോടെ വീണ്ടും കലക്ടര്‍ ഇടപെട്ട് പണി നിര്‍ത്തിവെപ്പിക്കുകയായിരു ന്നു. കഴിഞ്ഞ ദിവസം സര്‍ക്കാരില്‍ നിന്നും നാദാപുരത്തെ ഡിവൈഎഫ്‌ഐ നേതാവിന് കത്ത് ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.
2014ലാണ് വിലങ്ങാട് ക്വാറിയെപ്പറ്റി ഡിവൈഎഫ്‌ഐ നേതൃത്വം സര്‍ക്കാരിന് പരാതി നല്‍കിയത്. നാലു വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ ഈ പരാതിക്ക് മറുപടി നല്‍കിയത് .നിലവില്‍ ഉടുമ്പിറങ്ങി മലയില്‍ ക്വാറി പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ കത്തിലുള്ളത്. അതേസമയം ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് നല്‍കിയ പരാതിക്ക് മറുപടി നല്‍കാന്‍ നാല് വര്‍ഷമെടുത്തത് ക്വാറിക്ക് അനുമതി ലഭിക്കുന്നത് വരെ ക്വാറി മാഫിയ ഓഫീസുകളില്‍ കത്ത് പിടിച്ചുവെച്ചതാണെന്നാണ് സൂചന .
Next Story

RELATED STORIES

Share it