wayanad local

നിര്‍മാണത്തിനിടെ റോഡ് തകര്‍ന്നു; വ്യാപക പ്രതിഷേധം

കല്‍പ്പറ്റ: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കല്‍പ്പറ്റ-മേപ്പാടി റോഡ് തകര്‍ന്നു. കാരാപ്പുഴ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. ട്രാഫിക് ജങ്ഷന് സമീപം പുനര്‍നിര്‍മിച്ച പാലത്തിനരികിലാണ് റോഡ് രണ്ടടിയോളം താഴ്ന്നുപോയത്.
അശാസ്ത്രീയമായ റോഡ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ തകര്‍ന്ന ഭാഗത്തെ മണ്ണു കോരിയെടുക്കാനും മണ്ണിട്ട് നികത്താനും തീരുമാനമായി. എംഎല്‍എയും കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് നിലവാരമില്ലാതെ റോഡ് നിര്‍മാണം നടത്തുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. ഈ സമയം ആരും യാത്ര ചെയ്യാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡിന്റെ ഇരുഭാഗത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അടിഭാഗത്തെ മണ്ണ് പൂര്‍ണമായി ഒഴുകിപ്പോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ഹാരിസ്, മേപ്പാടി പഞ്ചായത്ത് അംഗം പി സഹിഷ്ണ, ഭാസ്‌കരന്‍ ചാലാരി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ മേപ്പാടി റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് പ്രകടനമായെത്തി പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ആര്‍ മധുമതി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി അഭിലാഷ് എന്നിവരെ ബന്ദിയാക്കി. തുടര്‍ന്ന് റോഡിന്റെ അശാസ്ത്രീയ നിര്‍മാണം ഇരുവരെയും നേരിട്ട് കാണിച്ചുകൊടുത്തു. പാലത്തിന്റെ സമീപം 45 സെന്റിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ഇട്ടിട്ടുണ്ടെന്ന അധികൃതരുടെ വാദം പൊള്ളയാണെന്നു ബോധ്യപ്പെടുത്തി.
റോഡിന്റെ വിശദമായ എസ്റ്റിമേറ്റ് ലഭിക്കണമെന്നും തകര്‍ന്ന ഭാഗം പൂര്‍ണമായി പൊളിച്ച് മണ്ണ് വീണ്ടും നിറയ്ക്കണമെന്നും മെറ്റലും ടാറും കുഴക്കാതെയിട്ടത് പൂര്‍ണമായി കോരിക്കളയണമെന്നും നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
കരാറുകാരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ തന്നെ എക്‌സ്‌കവേറ്റര്‍ ഏല്‍പ്പിച്ച് മണ്ണെടുക്കാനുള്ള തീരുമാനമെടുത്തു. ഇതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it