Alappuzha local

നിര്‍മാണം മുടങ്ങിക്കിടന്ന വിളക്കുമരം പാലത്തിന് വഴിതെളിഞ്ഞു



ചേര്‍ത്തല: പതിറ്റാണ്ടോളം നിര്‍മ്മാണം മുടങ്ങികിടന്ന  വിളക്കുമരം പാലത്തിന് വഴിതെളിഞ്ഞു.നെടുമ്പ്രക്കാട്‌വിളക്കുമരം പാലം നിര്‍മിക്കുന്നതിന്റെ  പ്രാരംഭ പ്രവര്‍ത്തനമായ മണ്ണ് പരിശോധന  ഇന്നലെ തുടങ്ങി. രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് വേണ്ടിയാണ് നടപടി. ശാസ്ത്രീയമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സമര്‍പ്പിക്കുന്ന റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി പൊതുമരാമത്ത് വകുപ്പ് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയാകും കരാര്‍ നടപടികളും തുടര്‍ന്ന് നിര്‍മാണവും നടത്തുക.എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള ഇന്റര്‍ഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിനാണ് മണ്ണ് പരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയത്. കരാര്‍ കമ്പനി മൂന്ന് ദിവസമായി പദ്ധതി പ്രദേശത്ത് ജോലിയിലാണ്. സര്‍വേ ജോലിയാണ് ആദ്യം നടത്തിയത്. ചൊവ്വാഴ്ച മണ്ണ് പരിശോധനയ്ക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 70 മീറ്റര്‍ ആഴത്തില്‍ തുരന്നാണ് പഠനത്തിന് മണ്ണ് സാമ്പിള്‍ ശേഖരിക്കുക. മൂന്ന് മീറ്റര്‍ പിന്നിടുമ്പോഴെല്ലാം മണ്ണ് സാമ്പിള്‍ ശേഖരിക്കും. ഇത് എറണാകുളത്തെ ലാബില്‍ പരിശോധിച്ചാകും മണ്ണിന്റെ ഘടന പഠനവിധേയമാക്കുക.10 സ്ഥലങ്ങളില്‍ 70 മീറ്റര്‍ ആഴത്തില്‍ തുരന്ന് സാമ്പിളുകള്‍ ശേഖരിക്കും. കായലില്‍ നാലും കരയില്‍ ആറും സ്ഥലങ്ങളില്‍ നിന്നാണ് തുരന്ന് സാമ്പിളുകള്‍ ശേഖരിക്കേണ്ടത്. നെടുമ്പ്രക്കാട് ഭാഗത്ത് ഒന്ന്, പരപ്പേല്‍ തുരുത്തില്‍ മൂന്ന്, വിളക്കുമരം ഭാഗത്ത് രണ്ട് എന്നിങ്ങനെയാണ് പരിശോധനാ കേന്ദ്രങ്ങള്‍. യന്ത്രം ഉപയോഗിച്ചാണ് മണ്ണ് തുരക്കുന്നത്. കരയില്‍ ഒരിടത്ത് ഇത്രയും ആഴത്തില്‍ തുരക്കാന്‍ കുറഞ്ഞത് നാലുനാള്‍ വേണമെന്ന് കരാര്‍ കമ്പനി അധികാരികള്‍ പറഞ്ഞു. കായലില്‍ ഇതിലധികം സമയം വേണം. രണ്ടര മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് വകുപ്പിന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ബോര്‍ഡ്) പദ്ധതിയില്‍പ്പെടുത്തിയാണ് പാലം പണിയുന്നതിന് അടുത്തിടെ 30 കോടി രൂപ അനുവദിച്ചത്. ചേര്‍ത്തല നഗരത്തിന്റെ വടക്കുകിഴക്കന്‍ മേഖലയെ അരൂര്‍ മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിച്ചുള്ള സഞ്ചാരമാര്‍ഗം ഒരുക്കുന്നതിനാണ് നിര്‍ദിഷ്ട പാലം. 12 വര്‍ഷംമുമ്പ് ഇവിടെ പാലം നിര്‍മിക്കുന്നതിന് നടപടിയായെങ്കിലും സാങ്കേതിക കാരണങ്ങളാലും ഫണ്ട് ലഭിക്കാത്തതിനാലും നിര്‍മാണം ആദ്യഘട്ടത്തില്‍തന്നെ നിലച്ചു. ചേര്‍ത്തലഅരൂക്കുറ്റി റോഡിന് സമാന്തരമായുള്ള യാത്രാമാര്‍ഗമാകും റോഡ് യാഥാര്‍ഥ്യമാകുന്നതോടെ സജ്ജമാകുക. പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക്, ഫുഡ്പാര്‍ക്ക് തുടങ്ങിയ വന്‍കിട വ്യവസായ കേന്ദ്രങ്ങളിലേക്കും എന്‍എസ്എസ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചേര്‍ത്തലയില്‍ നിന്നെത്താനുള്ള എളുപ്പവഴിയാകും ഇതോടെ ഒരുങ്ങുക. ചേര്‍ത്തല തൃച്ചാറ്റുകുളം എംഎല്‍എ റോഡുമായി ചേര്‍ത്തലയെ ബന്ധിപ്പിക്കുന്നതാണ് പാലം. ഇവിടെ അപ്രോച്ച് റോഡിനുള്ള ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായത് അടുത്തിടെയാണ്. ചേര്‍ത്തല നഗരസഭയുടെ വടക്കുകിഴക്കന്‍ മേഖലയുടെയും പള്ളിപ്പുറം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നത്. ഇതോടെ സാറ്റ്്‌ലൈറ്റ് നഗരമായ എറണാകുളവുമായി ബദ്ധപെടാനുള്ള എളുപ്പവഴിയാകും.
Next Story

RELATED STORIES

Share it